ശരീരത്തിൽ ഓടുന്നത് തെലങ്കാനയുടെ രക്തം; ബിആർഎസിനോട് വിടപറഞ്ഞ് പുതിയ പാർട്ടി പ്രഖ്യാപിച്ച് കെ. കവിത
പിതാവ് കെ. ചന്ദ്രശേഖർ റാവുവിനോടും ബിആർഎസ് (BRS) നേതൃത്വത്തോടും പരസ്യമായി കലഹിച്ച് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് കെ. കവിത. 'തെലങ്കാന രാഷ്ട്ര സേന' എന്നാണ് കവിതയുടെ പുതിയ പാർട്ടിയുടെ പേര്. ഹൈദരാബാദിലെ ഗൺ പാർക്കിലുള്ള അമരവീരുല സ്തൂപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് അവർ നിർണ്ണായകമായ ഈ പ്രഖ്യാപനം നടത്തിയത്. ബിആർഎസ് വിട്ട് ഏഴ് മാസത്തിന് ശേഷമാണ് കവിത പുതിയ രാഷ്ട്രീയ നീക്കവുമായി രംഗത്തെത്തുന്നത്.
തെലങ്കാനയുടെ പ്രാദേശിക താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് ബിആർഎസ് രൂപീകരിച്ചതെങ്കിലും പിന്നീട് പാർട്ടിയുടെ ആത്മാവ് നഷ്ടപ്പെട്ടതായി കവിത കുറ്റപ്പെടുത്തി. തന്നെയും അനുയായികളെയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. പാർട്ടിയുടെ രീതികൾ മാറിയെന്നും ജനങ്ങളുമായി ബന്ധമില്ലാത്ത പ്രസ്ഥാനമായി ബിആർഎസ് മാറിയെന്നും അവർ രൂക്ഷവിമർശനം ഉന്നയിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മുതിർന്ന നേതാക്കൾക്കെതിരെ പരസ്യമായി സംസാരിച്ചതിനെ തുടർന്ന് കവിതയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഹരീഷ് റാവുവും സന്തോഷ് റാവുവും മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി ചേർന്ന് സ്വന്തം കുടുംബത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു കവിതയുടെ ആരോപണം.
കുടുംബമോ പഴയ പാർട്ടിയോ കൂടെയില്ലെങ്കിലും താൻ തളരില്ലെന്ന് കവിത വ്യക്തമാക്കി. "എന്റെ ശരീരത്തിൽ ഓടുന്നത് തെലങ്കാനയുടെ രക്തമാണ്. കഴിഞ്ഞ 20 വർഷം തെലങ്കാന സമരത്തിനായി ജീവിതം മാറ്റിവെച്ചവളാണ് ഞാൻ. ജനങ്ങളാണ് എന്റെ കുടുംബം," എന്നും അവർ വികാരാധീനയായി പറഞ്ഞു. ബിആർഎസ് വിട്ടശേഷം രൂപീകരിച്ച 'തെലങ്കാന ജാഗൃതി' എന്ന സംഘടനയെയാണ് ഇപ്പോൾ രാഷ്ട്രീയ പാർട്ടിയായി മാറ്റിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കവിതയുടെ ഈ പുതിയ പാർട്ടി പ്രഖ്യാപനം ബിആർഎസിനും കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ തലവേദനയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
