വിജയ്‌യുടെ പാർട്ടി കൊടിയുടെ നിറം; എം.ടി.സി മിനി ബസുകളിലെ നിറമാറ്റം തമിഴ്‌നാട്ടിൽ വിവാദമാകുന്നു
നഗരപരിധികളിൽ സർവീസ് നടത്തുന്ന മെട്രോപോളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (MTC) പുതിയ മിനിബസുകൾക്ക് വിജയ് അധ്യക്ഷനായ തമിഴക വെട്രി കഴകം (TVK) പാർട്ടിയുടെ കൊടിയുടെ നിറങ്ങൾ നൽകുന്നത് തമിഴ്‌നാട്ടിൽ വലിയ ചർച്ചയാകുന്നു. പഞ്ഞിയും കടും ചുവപ്പും മഞ്ഞയും കലർന്ന ടി.വി.കെ. കൊടിയുടെ നിറങ്ങളോട് സാമ്യമുള്ള ചായം പൂശിയ മിനി ബസുകളുടെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് പ്രതിഷേധവും പ്രതികരണങ്ങളും ശക്തമായത്.
തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലാണ് എം.ടി.സി.ക്കായി 300 പുതിയ മിനി ബസുകൾ തയ്യാറാക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ, ഭരണം മാറുമ്പോഴൊക്കെ പൊതുഗതാഗത സംവിധാനങ്ങളുടെ നിറം മാറ്റുന്നത് യാത്രക്കാരെയും വിനോദസഞ്ചാരികളെയും ആശയക്കുഴപ്പത്തിലാക്കുന്നുവെന്ന് ഒരു വിഭാഗം ആരോപിച്ചു. പാർട്ടികളുടെ നിറങ്ങൾക്ക് പകരം സ്ഥിരമായ പൊതുനിറം ഉപയോഗിക്കണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം. എന്നാൽ സ്‌കൂൾ, കോളേജ് ബസുകളുടേതിന് സമാനമായ കടും മഞ്ഞ നിറമാണ് നൽകിയതെന്ന ന്യായീകരണവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്.
അതേസമയം, പുതിയ നിറത്തിന്റെ കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് എം.ടി.സി വൃത്തങ്ങൾ നൽകുന്ന വിശദീകരണം. നേരത്തെ ഡി.എം.കെ സര്‍ക്കാരിന്റെ കാലത്ത് സ്ത്രീകൾക്കുള്ള സൗജന്യ ബസുകളിൽ ‘മഗലിർ വിഡിയൽ പയനം’ എന്ന് പ്രദർശിപ്പിച്ചിരുന്നതിൽ നിന്ന് ‘വിഡിയൽ’ എന്ന വാക്ക് നീക്കം ചെയ്തതും വലിയ രാഷ്ട്രീയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
