യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ ദുർബല രാജ്യങ്ങൾ മാത്രം അനുഭവിക്കേണ്ടി വരരുത്; ജി7 ഉച്ചകോടിയിൽ ആഹ്വാനവുമായി പ്രധാനമന്ത്രി മോദി
സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധികളെ നേരിടാൻ വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിന് ശക്തമായ ആഗോള പിന്തുണാ സംവിധാനം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ ഔട്ട്റീച്ച് സെഷനിൽ സംസാരിക്കവെയാണ് ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ ഉന്നമനത്തിനായുള്ള നിർദ്ദേശങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ചത്. യുദ്ധങ്ങൾ മൂലമുണ്ടാകുന്ന പ്രതിസന്ധികളുടെ ഭാരം ഏറ്റവും ദുർബലരായ രാജ്യങ്ങൾ തനിച്ച് ചുമക്കേണ്ടി വരരുതെന്നും അവരെ സഹായിക്കാൻ അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങൾ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'എല്ലാവർക്കും സന്തുലിതവും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച പുനരുജ്ജീവിപ്പിക്കുക' എന്ന പ്രമേയത്തിൽ നടന്ന സെഷനിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. സാമ്പത്തിക വളർച്ച എന്നത് കേവലം ജിഡിപി കണക്കുകളിൽ ഒതുങ്ങാതെ എല്ലാവർക്കും പ്രയോജനപ്പെടുന്ന രീതിയിലാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഭാരതത്തിന്റെ വികസന മാതൃകയായ 'സബ്കാ സാത്ത് സബ്കാ വികാസ്' എന്ന തത്വം ആഗോളതലത്തിൽ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോറിന് (IMEC) സമാനമായി ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, പസഫിക് ദ്വീപ് രാജ്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കണക്റ്റിവിറ്റി പദ്ധതികൾ വ്യാപിപ്പിക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഇതിനായി ജി7 രാജ്യങ്ങളുടെ മൂലധനവും ഇന്ത്യയുടെ കഴിവും പ്രയോജനപ്പെടുത്തിക്കൊണ്ട് 'ഇംപാക്ട്' (IMPACT) എന്ന പേരിൽ അന്താരാഷ്ട്ര പങ്കാളിത്തം രൂപീകരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, രാജ്യങ്ങൾ തമ്മിലുള്ള ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാനും യുവാക്കളുടെ തൊഴിൽ നൈപുണ്യം പ്രയോജനപ്പെടുത്താനും ഒരു 'ഗ്ലോബൽ സ്കിൽസ് പാർട്ണർഷിപ്പ്' വേണമെന്നും മോദി ആഹ്വാനം ചെയ്തു.
