ആകാശത്ത് വെച്ച് എൻജിൻ ഓഫായി; മുംബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

  1. Home
  2. National

ആകാശത്ത് വെച്ച് എൻജിൻ ഓഫായി; മുംബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

air india


ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 777-300ER വിമാനം എൻജിൻ തകരാറിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. വിമാനം പറന്നുയർന്നതിന് പിന്നാലെ വലതുവശത്തെ എൻജിൻ (എൻജിൻ നമ്പർ 2) പ്രവർത്തനരഹിതമായതോടെയാണ് വിമാനം തിരിച്ചിറക്കാൻ തീരുമാനിച്ചത്.

വിമാനം പറന്നുയർന്ന് ഫ്ലാപ്പുകൾ പിൻവലിക്കുന്ന ഘട്ടത്തിലാണ് വലതുവശത്തെ എൻജിനിൽ ഓയിൽ മർദ്ദം കുറയുന്നതായി പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ടത്. മിനിറ്റുകൾക്കുള്ളിൽ ഓയിൽ മർദ്ദം പൂജ്യമായതോടെ എൻജിൻ ഓഫായി. തുടർന്ന് രാവിലെ 6:40-ഓടെ വിമാനത്തിൽ അടിയന്തരാവസ്ഥ (Emergency) പ്രഖ്യാപിക്കുകയും സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ വിമാനം ഡൽഹിയിലേക്ക് തന്നെ തിരിക്കുകയുമായിരുന്നു.

വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും യാത്രക്കാർക്കെല്ലാം സുരക്ഷിതരാണെന്നും എയർലൈൻ അധികൃതർ അറിയിച്ചു. സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (SOP) കൃത്യമായി പാലിച്ചാണ് വിമാനം താഴെയിറക്കിയത്. അപ്രതീക്ഷിത സാങ്കേതിക തകരാർ മൂലം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. തകരാർ സംഭവിച്ച വിമാനം നിലവിൽ വിശദമായ പരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കുമായി മാറ്റിയിരിക്കുകയാണ്.