മൂടൽ മഞ്ഞ് കഠിനം; പഞ്ചാബിൽ കർഷക യൂണിയൻ അംഗങ്ങളുമായി എത്തിയ ബസുകൾ അപകടത്തിൽപ്പെട്ടു, മൂന്ന് മരണം

  1. Home
  2. National

മൂടൽ മഞ്ഞ് കഠിനം; പഞ്ചാബിൽ കർഷക യൂണിയൻ അംഗങ്ങളുമായി എത്തിയ ബസുകൾ അപകടത്തിൽപ്പെട്ടു, മൂന്ന് മരണം

panjab


രൂക്ഷമായ മൂടൽ മഞ്ഞിൽ വലയുന്നതിനിടെ കർഷക യൂണിയൻ അംഗങ്ങളുമായി എത്തിയ ബസുകൾ അപകടത്തിൽപ്പെട്ട് മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഖനൌരിയിൽ വച്ച് നടക്കുന്ന കിസാൻ മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ കർഷകരുമായി പോയ നാല് ബസുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഹരിയാനയിലെ തൊഹാനയിൽ വച്ച് വിവിധ ഇടങ്ങളിൽ വച്ചുണ്ടായ അപകടത്തിലാണ് മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടത്. രാവിലെ 9നും പത്തിനും ഇടയിലാണ് അപകടമുണ്ടായത്. കനത്ത മൂടൽ മഞ്ഞിൽ ദൂരക്കാഴ്ച കുറഞ്ഞതിന് പിന്നാലെയാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. 

ഭട്ടിൻഡയിൽ നിന്ന് 52 പേരുമായി എത്തിയ ബസ് മൂടൽ മഞ്ഞിൽ തലകീഴായി മറിഞ്ഞു. റോഡിലെ ഡിവൈഡറിൽ ഇടിച്ചാണ് ബസ് മറിഞ്ഞത്. സരബ്ജിത് കൌർ കൊതഗുരു, ജസ്ബീഡ കൌർ, ബൽബീർ കൌർ എന്നിവരാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള അഞ്ച് പേരിൽ മൂന്ന് പേർ സ്ത്രീകളും രണ്ട് പേർ പുരുഷൻമാരുമാണ്. ദല്ലേവാലിൽ നിന്നുള്ള ബസാണ് അപകടത്തിൽപ്പെട്ട മറ്റൊരു ബസ്. ബർണാലയിൽ വച്ചാണ് ഈ ബസ് അപകടത്തിൽപ്പെട്ടത്. ഭക്ഷ്യധാന്യവുമായി പോയി ട്രക്ക് ബസിലിടിച്ചാണ് അപകടമുണ്ടായത്. 

അതേസമയം മൂടൽ മഞ്ഞ് ശക്തമായ ഡൽഹിയിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ശനിയാഴ്ച രാവിലെ 5.30ഓടെ 10.2 ഡിഗ്രി സെൽഷ്യസിലേക്ക് അന്തരീക്ഷ താപനില എത്തിയതായാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. വെള്ളിയാഴ്ച അത് 9.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഡൽഹിയിലെ വായുഗുണനിലവാരം ഏറെ താഴ്ന്ന നിലയിലാണുള്ളത്.