ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധം; വിജയ്‌യെ പിന്തുണച്ച് പ്രകാശ് രാജ്

  1. Home
  2. National

ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധം; വിജയ്‌യെ പിന്തുണച്ച് പ്രകാശ് രാജ്

prakash raj


തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാർ രൂപീകരിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. കേവല ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർദ്ദേശിച്ചതിനെതിരെ പ്രമുഖ നടൻ പ്രകാശ് രാജ് രംഗത്തെത്തി. വിജയ്‌യുമായി രാഷ്ട്രീയപരമായി വിയോജിപ്പുകൾ ഉണ്ടെങ്കിലും ഗവർണറുടെ പെരുമാറ്റം അങ്ങേയറ്റം അരോചകവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രകാശ് രാജ് വിമർശിച്ചു. ജനവിധി മാനിക്കപ്പെടണമെന്നും സഭയ്ക്കുള്ളിൽ ഭൂരിപക്ഷം തെളിയിക്കാൻ വിജയ്‌ക്ക് അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മേയ് 4-ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ 234 സീറ്റുകളിൽ 108 എണ്ണവും നേടി വിജയ്‌യുടെ തമിഴക വെട്രി കഴകം ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരുന്നു. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണ്ടയിടത്ത് കോൺഗ്രസ് സഖ്യമുൾപ്പെടെ നിലവിൽ 112 അംഗങ്ങളുടെ പിന്തുണയാണ് വിജയിക്കുള്ളത്. ഭൂരിപക്ഷത്തിന് ഇനിയും ആറ് അംഗങ്ങളുടെ കുറവുണ്ടെന്നിരിക്കെ, പിന്തുണയ്ക്കുന്ന എം.എൽ.എമാരുടെ പട്ടിക ഹാജരാക്കാൻ ഗവർണർ നിർദ്ദേശിച്ചത് സർക്കാർ രൂപീകരണം പ്രതിസന്ധിയിലാക്കി. ഗവർണർ മനഃപൂർവം തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്ന് ആരോപിച്ച് വിജയ് ആരാധകരും പ്രതിഷേധവുമായി രംഗത്തുണ്ട്.

ടി.വി.കെക്ക് മതിയായ ഭൂരിപക്ഷമില്ലെന്ന് ഗവർണറുടെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചതോടെ നിയമപരമായ വഴികൾ തേടാനുള്ള ഒരുക്കത്തിലാണ് പാർട്ടിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ വിജയ് സിനിമയിൽ നിന്ന് വിരമിക്കുമെന്ന സൂചനകൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നുണ്ടെങ്കിലും രാഷ്ട്രീയത്തിലെ പുതിയ പ്രതിസന്ധികൾ മറികടക്കാനാണ് ഇപ്പോൾ പാർട്ടിയുടെ മുൻഗണന.