ഇന്ത്യൻ നാവികസേനയ്ക്ക് കൂടുതൽ കരുത്ത്; തദ്ദേശീയമായി നിർമ്മിച്ച മൂന്ന് യുദ്ധക്കപ്പലുകൾ കൂടി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

  1. Home
  2. National

ഇന്ത്യൻ നാവികസേനയ്ക്ക് കൂടുതൽ കരുത്ത്; തദ്ദേശീയമായി നിർമ്മിച്ച മൂന്ന് യുദ്ധക്കപ്പലുകൾ കൂടി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

WAR SHIPS


രാജ്യത്തിന്റെ സമുദ്രസുരക്ഷാ ആയുധപ്പുരയിലേക്ക് പൂർണ്ണമായും ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്ത മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾ കൂടി എത്തിച്ചേർന്നു. ഐ.എൻ.എസ് ദുനാഗിരി, ഐ.എൻ.എസ് സംശോധക്, ഐ.എൻ.എസ് അഗ്രായ് എന്നീ കപ്പലുകളുടെ കമ്മീഷനിങ് പ്രധാനമന്ത്രി നിർവ്വഹിച്ചു. നമ്മുടെ സ്വന്തം എഞ്ചിനീയർമാരുടെ പ്രതിഭയും അശ്രാന്തപരിശ്രമവുമാണ് ഈ അത്യാധുനിക കപ്പലുകളിലൂടെ യാഥാർത്ഥ്യമായിരിക്കുന്നതെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു. കൊൽക്കത്തയിലെ ശ്യാമാപ്രസാദ് മുഖർജി പോർട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ പശ്ചിമ ബംഗാൾ ഗവർണർ ആർ. എൻ. രവി, മുഖ്യമന്ത്രി സുവേന്ദു അധികാരി, നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ എന്നിവരും പങ്കെടുത്തു.

വ്യത്യസ്തമായ സുരക്ഷാ ദൗത്യങ്ങൾ മുന്നിൽക്കണ്ടാണ് ഈ കപ്പലുകൾ നിർമ്മിച്ചിരിക്കുന്നത്. അത്യാധുനിക ആയുധശേഖരവും സെൻസറുകളുമുള്ള ഐ.എൻ.എസ് ദുനാഗിരിയുടെ ഏറ്റവും വലിയ സവിശേഷത ശത്രുക്കളുടെ റഡാർ കണ്ണുകളിൽ പെടാതെ സഞ്ചരിക്കാനുള്ള ശേഷിയാണ്.

കടലിനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ശേഖരിക്കാൻ സഹായിക്കുന്ന 'സർവേ വെസ്സൽ' ഗണത്തിൽപ്പെട്ട യുദ്ധക്കപ്പലാണ് ഐ.എൻ.എസ് സംശോധക്. ആഴക്കടലിലും തീരപ്രദേശങ്ങളിലും കൃത്യമായ ഹൈഡ്രോഗ്രാഫിക് പഠനങ്ങൾ നടത്താൻ ഇതിന് സാധിക്കും. റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന അണ്ടർവാട്ടർ വാഹനങ്ങളും തനിയെ നീങ്ങുന്ന അന്തർവാഹിനികളും ഈ കപ്പലിൽ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ കടലിൽ അപകടത്തിൽപ്പെടുന്നവരെ കണ്ടെത്തി രക്ഷിക്കാനും ചികിത്സ നൽകാനുമുള്ള സജ്ജീകരണങ്ങളും ഇതിലുണ്ട്. തീരത്തിനടുത്ത് വെച്ച് തന്നെ ശത്രുക്കളുടെ അന്തർവാഹിനികളെ കണ്ടെത്തി തുരത്താൻ ശേഷിയുള്ള ആന്റി-സബ്‌മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് വിഭാഗത്തിലാണ് ഐ.എൻ.എസ് അഗ്രായ് നിർമ്മിച്ചിരിക്കുന്നത്.