നഴ്സിങ് മേഖലയെ അപകീർത്തിപ്പെടുത്തി; കങ്കണ റണൗട്ട് മാപ്പ് പറയണമെന്ന് കോൺഗ്രസ്
ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട് നഴ്സിങ് സമൂഹത്തെക്കുറിച്ച് നടത്തിയ അധിക്ഷേപകരമായ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോജോ തോമസ് ആവശ്യപ്പെട്ടു. ലോകം മുഴുവൻ ആദരിക്കുന്ന സേവനാധിഷ്ഠിത മേഖലയെ ആക്ഷേപിക്കുന്ന വിധത്തിൽ ഒരു ജനപ്രതിനിധി തന്നെ ഇത്രയും തരംതാണ പരാമർശം നടത്തിയത് തീർത്തും അപലപനീയമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡ് മഹാമാരിയുടെ ഇരുണ്ട നാളുകളിൽ ഉൾപ്പെടെ സ്വന്തം ജീവൻ പണയംവെച്ച് രാജ്യത്തെ ജനങ്ങളെ പരിചരിച്ച നഴ്സുമാരുടെ ത്യാഗത്തെ വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി കങ്കണ അപമാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തുച്ഛമായ ശമ്പളവും സുരക്ഷിതത്വമില്ലായ്മയും കാരണം നഴ്സുമാർ രാജ്യം വിടുന്നതിന്റെ യഥാർത്ഥ കാരണങ്ങൾ പഠിച്ച് അതിന് പരിഹാരം കാണുകയാണ് ഒരു ഭരണകക്ഷി എംപി ചെയ്യേണ്ടത്. അമിതമായ ജോലിഭാരം, ജീവനക്കാരുടെ കുറവ്, ഉയർന്ന മാനസിക സമ്മർദ്ദം എന്നിവയാണ് ഈ മേഖല ഇന്ന് നേരിടുന്ന പ്രധാന പ്രതിസന്ധികൾ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള ആശുപത്രികളിൽ പോലും നഴ്സിങ് മേഖല വലിയ നയവൈകല്യങ്ങൾ നേരിടുന്നുണ്ടെന്നും, കങ്കണ വിമർശിക്കേണ്ടത് ഈ സംവിധാനങ്ങളെയാണെന്നും ജോജോ തോമസ് ഓർമ്മിപ്പിച്ചു.
നഴ്സിങ് സമൂഹത്തെ വികൃതമായി ചിത്രീകരിച്ച പ്രസ്താവന കങ്കണ ഉടനടി പിൻവലിക്കണം. ഈ അപമാനത്തിന് പ്രായശ്ചിത്തമായി അവർ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ പാർലമെന്റിൽ ശബ്ദമുയർത്താൻ ബിജെപി എംപി തയ്യാറാകണം. അതോടൊപ്പം, നഴ്സുമാരുടെ വേതന വർദ്ധനവും സുരക്ഷിതമായ തൊഴിലിടവും ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ട് സമഗ്രമായ നിയമനിർമ്മാണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
