ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ ദൗർഭാഗ്യകരം; ഓരോ പൗരനും അഭിപ്രായം ഉറക്കെ വിളിച്ചു പറയാനുള്ള സാഹചര്യമുണ്ടാകണമെന്ന് പ്രകാശ് രാജ്

സ്വാതന്ത്ര്യലബ്ധിക്ക് കൊല്ലങ്ങൾക്ക് ഇപ്പുറവും ഇന്ത്യ ഇന്ന് കടന്നുപോകുന്ന ഭീകരമായ അവസ്ഥ ഏറെ ദൗർഭാഗ്യകരമെന്ന് നടൻ പ്രകാശ് രാജ്. വ്യക്തിപരമായ വളർച്ചയ്ക്കല്ല, രാജ്യത്തിന്റെ വളർച്ചയ്ക്കാണ് എന്നും പ്രാധാന്യം നൽകേണ്ടത്. ഓരോ പൗരനും അവരുടെ അഭിപ്രായം ഉറക്കെ വിളിച്ചു പറയാനുള്ള സാഹചര്യം രാജ്യത്തുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ‘ഭാവിയുടെ പുനര്‍വിഭാവനം’ എന്ന വിഷയത്തില്‍ 25-ാമത് ഡി.സി കിഴക്കെമുറി സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു പ്രകാശ് രാജ്.
"നമ്മുടെ ചരിത്രം നമ്മളെ പലതും പഠിപ്പിക്കുന്നുണ്ട്. ചരിത്രം സമ്മാനിച്ച ഓരോ മുറിവുകളും ഓരോ പാഠങ്ങളാണ്. അവ ഉൾക്കൊണ്ട് മുന്നോട്ട് പോകണം. കുരുക്ഷേത്ര യുദ്ധത്തിൽ ഉറ്റവർക്കും ഉടയവർക്കുമായി ആളുകൾ തിരഞ്ഞു നടക്കുന്ന കഥകൾ നാം വായിച്ചിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമാണ് യുദ്ധങ്ങളും മറ്റും ഏറ്റവും അധികം വേദനകൾ സമ്മാനിക്കുന്നത്. മണിപ്പൂർ കലാപം അടക്കമുള്ള സംഭവങ്ങൾ വലിയ പാഠങ്ങളാണ്"- പ്രകാശ് രാജ് വ്യക്തമാക്കി.
"ഇന്ത്യയിലെ തൊഴിലില്ലായ്‌മയ്ക്കെതിരെ എന്തുകൊണ്ടാണ് ആരും പ്രതികരിക്കാത്തത്? എന്നും രാജ്യത്തെ ജനങ്ങൾ ഒരു ഏകാധിപത്യ ഭരണത്തിന് കീഴിൽ അനീതികളെ ചോദ്യം ചെയ്യാതെ കഴിഞ്ഞുകൂടുകയാണ്. സത്യം വിളിച്ചു പറയുന്നവരെ ഇല്ലാതാക്കുന്ന, അവരുടെ ആശയങ്ങളെ ഇല്ലാതാക്കുന്ന അവസ്ഥയാണ് ഇന്ത്യയിൽ സംജാതമായിരിക്കുന്നത്"- ഗൗരി ലങ്കേഷിന്റെ മരണത്തെ ഉദാഹരിച്ചുകൊണ്ട് പ്രകാശ് രാജ് പറഞ്ഞു. ജനങ്ങൾ അധികാരത്തെ ഭയന്ന് തുടങ്ങിയെങ്കിൽ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് നിങ്ങൾ പുനർചിന്തിച്ചു തുടങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.