'ഭൂമിയുടെ അവകാശം ഭഗവാന്'; എറണാകുളത്തപ്പൻ ക്ഷേത്രഭൂമി തർക്കത്തിൽ ക്ഷേത്രസംരക്ഷണ സമിതിയുടെ ഹർജി സുപ്രീം കോടതി തള്ളി
എറണാകുളത്തപ്പൻ ക്ഷേത്ര ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കത്തിൽ എറണാകുളം ക്ഷേത്രസംരക്ഷണ സമിതിക്ക് തിരിച്ചടി. കേരള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സമിതി നൽകിയ ഹർജി ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് എൻ കെ സിംഗ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് തള്ളി. ഭക്തരിൽ നിന്ന് പിരിവ് നടത്തി വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം ഭഗവാന് (ക്ഷേത്രദേവതയ്ക്ക്) തന്നെയാണെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി.
'എറണാകുളത്തപ്പന് ഒരടി മണ്ണ്' പദ്ധതിയിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ ഭൂമി ദേവസ്വത്തിന്റേതാണെന്നും, അതിന്റെ ഭരണനിർവഹണം കൊച്ചിൻ ദേവസ്വം ബോർഡിനാണെന്നുമുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു.
2013-ൽ രജിസ്റ്റർ ചെയ്ത സെയിൽ ഡീഡ് പ്രകാരം തങ്ങൾക്ക് ഉടമസ്ഥാവകാശമുണ്ടെന്ന സമിതിയുടെ വാദം കോടതി അംഗീകരിച്ചില്ല. ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകരായ വി. ഗിരി, കെ. പരമേശ്വർ എന്നിവരും, ദേവസ്വം ബോർഡിനായി മുതിർന്ന അഭിഭാഷകൻ പി.എൻ. രവീന്ദ്രൻ, പി.എസ്. സുധീർ എന്നിവരും ഹാജരായി.
