സമൂസ വിവാദം; സമൂസ കഴിച്ചതിൽ സി.ഐ.ഡി അന്വേഷണം; ബിജെപി പ്രവർത്തകർക്കായി സമൂസ വിരുന്നൊരുക്കി ജയറാം താക്കൂറിന്റെ പരിഹാസം

  1. Home
  2. National

സമൂസ വിവാദം; സമൂസ കഴിച്ചതിൽ സി.ഐ.ഡി അന്വേഷണം; ബിജെപി പ്രവർത്തകർക്കായി സമൂസ വിരുന്നൊരുക്കി ജയറാം താക്കൂറിന്റെ പരിഹാസം

SAMOSA


ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി ജയറാം താക്കൂർ വെള്ളിയാഴ്ച ബിജെപി പ്രവർത്തകർക്കായി സമൂസ വിരുന്നൊരുക്കി. മുഖ്യമന്ത്രിക്ക് കരുതിയിരുന്ന സമൂസകളും കേക്കുകളും സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിളമ്പിയ സംഭവത്തിൽ  ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ സിഐ‍ഡ‍ി അന്വേഷണത്തിന് ഉത്തരവിട്ടത് വലിയ ചര്‍ച്ചയാകുന്നതിനിടെയാണ് വിരുന്ന്. 

പ്രതിപക്ഷ നേതാവായ ജയറാം താക്കൂർ സമൂസ കഴിക്കുന്നതും ബിജെപി പ്രവർത്തകരുമായി സംസാരിക്കുന്നതിന്‍റെയും വീഡിയോ ആണ് പുറത്ത് വന്നിട്ടുള്ളത്. മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിന് കരുതിയിരുന്ന സമൂസകളും കേക്കുകളും അദ്ദേഹത്തിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിളമ്പിയ സംഭവം സംസ്ഥാനത്ത് വലിയ വിവാദമായിട്ടുണ്ട്. ഒക്‌ടോബർ 21 ന് സിഐഡി ആസ്ഥാനത്ത് മുഖ്യമന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം. 

സിഐഡി ആസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രിക്ക് നൽകാനായി റാഡിസൺ ബ്ലൂ ഹോട്ടലില്‍ നിന്നാണ് മൂന്ന് പെട്ടി സമൂസകൾ വാങ്ങിയത്. എന്നാല്‍, ഈ ഭക്ഷണം അദ്ദേഹത്തിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിളമ്പിയതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വിഷയത്തില്‍ ഹിമാചല്‍ പ്രദേശിലെ കോൺഗ്രസ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ബിജെപി ഉന്നയിക്കുന്നത്.