വാതിലിനടുത്ത് പുക മണം; സുരക്ഷാ വീഴ്ച, എയർ ഇന്ത്യയിലെ 4 പൈലറ്റുമാർക്ക് ഡിജിസിഎ നോട്ടീസ്

  1. Home
  2. National

വാതിലിനടുത്ത് പുക മണം; സുരക്ഷാ വീഴ്ച, എയർ ഇന്ത്യയിലെ 4 പൈലറ്റുമാർക്ക് ഡിജിസിഎ നോട്ടീസ്

air india


വിമാനം പറത്തുന്നതിനിടെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന് എയർ ഇന്ത്യയിലെ നാല് പൈലറ്റുമാർക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) കാരണം കാണിക്കൽ നോട്ടീസ് നൽകി. ഡൽഹി–ടോക്കിയോ (AI-358), ടോക്കിയോ–ഡൽഹി (AI-357) വിമാനങ്ങളിലെ പൈലറ്റുമാർക്കെതിരെയാണ് നടപടി. രണ്ടാഴ്ചയ്ക്കകം നോട്ടീസിന് വിശദീകരണം നൽകണമെന്നും മറുപടി ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ഡിജിസിഎ വ്യക്തമാക്കി.

വിമാനത്തിന്റെ വാതിലിനടുത്ത് പുകയുടെ ഗന്ധം അനുഭവപ്പെട്ടിട്ടും ആവർത്തിച്ചുള്ള സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടിട്ടും വിമാനം പറത്താൻ തീരുമാനിച്ചതാണ് ഗൗരവകരമായ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഡിസംബർ 28-ന് AI-358 വിമാനത്തിന്റെ റീസർക്കുലേഷൻ ഫാനിന് തകരാറുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ മിനിമം എക്യുപ്‌മെന്റ് ലിസ്റ്റ് (MEL) കൃത്യമായി പാലിക്കാതെയും അപകടസാധ്യതകൾ അവഗണിച്ചും പൈലറ്റുമാർ സർവീസ് തുടർന്നുവെന്ന് ഡിജിസിഎ നോട്ടീസിൽ പറയുന്നു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള എയർക്രാഫ്റ്റ് ഡിസ്പാച്ച് നടപടികളിലും തീരുമാനങ്ങൾ എടുക്കുന്നതിലും ഓപ്പറേറ്റിംഗ് ക്രൂവിന് വലിയ പാളിച്ച സംഭവിച്ചതായാണ് അധികൃതരുടെ വിലയിരുത്തൽ. സാങ്കേതിക തകരാറുകൾ ആവർത്തിച്ചിട്ടും വിമാനം പറത്തിയത് വിമാനയാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന നടപടിയാണെന്നും ഡിജിസിഎ നിരീക്ഷിച്ചു.