ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറം മാറ്റാം; സർക്കാർ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി

  1. Home
  2. National

ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറം മാറ്റാം; സർക്കാർ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി

tourist bus colour


സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ നിലവിലെ ഏകീകൃത വെള്ള നിറം മാറ്റാമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (STA). ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റുന്നതിനായി നിലവിലുള്ള മോട്ടോർ വാഹന നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്താൻ സർക്കാരിനോട് അതോറിറ്റി ആവശ്യപ്പെട്ടു. 2022-ൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വടക്കാഞ്ചേരി ബസ് അപകടത്തെ തുടർന്നാണ് ഹൈക്കോടതി നിർദ്ദേശപ്രകാരം ടൂറിസ്റ്റ് ബസുകൾക്ക് രാജ്യവ്യാപകമായി ഏകീകൃത വെള്ള കളര്‍ കോഡ് ഏർപ്പെടുത്തിയത്. അന്നത്തെ ഗതാഗത മന്ത്രി ആന്‍റണി രാജുവിന്റെ നേതൃത്വത്തിൽ സർക്കാർ പുറത്തിറക്കിയ ഈ ഉത്തരവിന് കോടതി പൂർണ്ണ അംഗീകാരവും നൽകിയിരുന്നു.

എന്നാൽ റോഡ് സുരക്ഷയും വാഹനങ്ങളുടെ നിറവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും, ആകർഷകമായ നിറങ്ങളില്ലാത്തത് തങ്ങളുടെ ടൂറിസം വ്യവസായത്തെയും ബുക്കിംഗിനെയും കനത്ത രീതിയിൽ ബാധിക്കുന്നുവെന്നും കാണിച്ച് ബസ് ഉടമകൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ഗതാഗത മന്ത്രിയായി കെ.ബി. ഗണേഷ് കുമാർ ചുമതലയേറ്റതിനു ശേഷം ടൂറിസ്റ്റ് ബസ് ഉടമകൾ വെള്ള നിറത്തിനെതിരെയുള്ള തങ്ങളുടെ ശക്തമായ എതിർപ്പ് വീണ്ടും അറിയിക്കുകയും വിഷയം സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പരിഗണനയ്ക്ക് വിടുകയുമായിരുന്നു.

കഴിഞ്ഞ മാർച്ച് 9-ന് ചേർന്ന എസ്.ടി.എ യോഗത്തിന്‍റെ പ്രധാന തീരുമാനങ്ങളാണ് ഇപ്പോൾ ഔദ്യോഗികമായി പുറത്തുവന്നിരിക്കുന്നത്. കേരള മോട്ടോർ വെഹിക്കിൾ ആക്ടിൽ (KMVR) ആവശ്യമായ നിയമ ഭേദഗതി വരുത്തി ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റുന്ന കാര്യത്തിൽ സർക്കാറിന് അന്തിമ തീരുമാനമെടുക്കാമെന്നും, ഇതിൽ ട്രാൻസ്പോർട്ട് അതോറിറ്റിക്ക് യാതൊരുവിധ എതിർപ്പില്ലെന്നുമാണ് നിലവിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സർവീസുകളോട് മത്സരിക്കാൻ തങ്ങൾക്കും ആകർഷകമായ നിറങ്ങൾ നൽകാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സ്വകാര്യ ടൂറിസ്റ്റ് ബസ് ഉടമകൾ.