ദൈവമാണെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ചു; മഹാരാഷ്ട്രയിൽ സ്വയംപ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ

  1. Home
  2. National

ദൈവമാണെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ചു; മഹാരാഷ്ട്രയിൽ സ്വയംപ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ

crime


ഭഗവാൻ ശിവന്റെ അവതാരമാണെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച സ്വയംപ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പാൽഘർ സ്വദേശിയായ ഋഷികേശ് വൈദ്യയെയാണ് (40) പുണെ പോലീസ് പിടികൂടിയത്. പുണെ സ്വദേശിനിയായ 35-കാരി നൽകിയ പരാതിയിലാണ് നടപടി.

2023-ൽ ഫെയ്‌സ്ബുക്ക് വഴിയാണ് യുവതി പ്രതിയെ പരിചയപ്പെടുന്നത്. തുടർന്ന് പുണെയിലെത്തി യുവതിയെ കണ്ട പ്രതി, താൻ ശിവന്റെ അവതാരമാണെന്നും യുവതി തന്റെ 'പാർവതി'യാണെന്നും വിശ്വസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ഇത് കാണിച്ച് പിന്നീട് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് ഇരയാക്കിയതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ മേയ് മാസത്തിൽ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയും പ്രതി പീഡനം തുടർന്നു.

മഹാരാഷ്ട്രയിലെ മറ്റൊരു ആൾദൈവവും പ്രമുഖ ജ്യോത്സ്യനുമായ 'ക്യാപ്റ്റൻ ഖരാത്ത്' കഴിഞ്ഞയാഴ്ച പീഡനക്കേസിൽ അറസ്റ്റിലായിരുന്നു. ഈ വാർത്ത കണ്ടതിന് പിന്നാലെയാണ്, ഭയം കാരണം പരാതി നൽകാതിരുന്ന യുവതി പോലീസിനെ സമീപിക്കാൻ ധൈര്യം കാണിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതിക്കെതിരെ ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.