കന്നഡ സിനിമാ മേഖലയിലും സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിശോധിക്കാൻ കമ്മിറ്റി വേണം; സിദ്ധരാമയ്യയ്ക്ക് കത്ത്
കന്നഡ സിനിമാ മേഖലയിലും സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിശോധിക്കാൻ ഒരു കമ്മിറ്റിയെ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കന്നഡ ചലച്ചിത്ര സംഘടന ഫിലിം ഇൻഡസ്ട്രി ഫോർ റൈറ്റ്‌സ് ആൻഡ് ഇക്വാലിറ്റി (‘ഫയർ') മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിലാണ് ആവശ്യം. സിനിമാമേഖലയിൽ സ്ത്രീകൾക്ക് സുരക്ഷിതമായും തുല്യതയോടെയും ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കാനുള്ള നടപടികൾ അനിവാര്യമാണെന്ന് കത്തിൽ പറയുന്നു.
കന്നഡ സിനിമാ മേഖലയിലെ പ്രശനങ്ങൾ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ റിട്ട. സുപ്രീം കോടതി ജഡ്ജിയുടെയോ റിട്ട. ഹൈക്കോടതി ജഡ്ജിയുടെയോ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിക്കണമെന്നാണ് ഫയർ കത്തിൽ ആവശ്യപ്പെടുന്നത്. അന്വേഷണം നടത്തി നിർദേശങ്ങൾ സമിതി സമർപ്പിക്കണമെന്നും റിപ്പോർട്ട് മൂന്ന് മാസത്തിനകം പുറത്തുവിടണമെന്നും കത്തിൽ പറയുന്നുണ്ട്.