സർക്കാരിൻ്റെ ജനപ്രിയ പ്രഖ്യാപനങ്ങളിൽ ആഘോഷങ്ങൾ പാടില്ല; പാർട്ടി പ്രവർത്തകർക്ക് കർശന നിർദേശവുമായി ടി.വി.കെ

  1. Home
  2. National

സർക്കാരിൻ്റെ ജനപ്രിയ പ്രഖ്യാപനങ്ങളിൽ ആഘോഷങ്ങൾ പാടില്ല; പാർട്ടി പ്രവർത്തകർക്ക് കർശന നിർദേശവുമായി ടി.വി.കെ

vijay


തമിഴ്‌നാട്ടിൽ വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (TVK) സർക്കാർ അധികാരമേറ്റതിന് പിന്നാലെ പ്രഖ്യാപിച്ച ജനപ്രിയ തീരുമാനങ്ങൾ ആഘോഷമാക്കുന്ന പാർട്ടി പ്രവർത്തകർക്ക് കർശന നിർദേശവുമായി നേതൃത്വം. സർക്കാരിന്റെ തീരുമാനങ്ങളിൽ ആവേശഭരിതരായി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള പ്രകടനങ്ങളോ ആഘോഷങ്ങളോ പാടില്ലെന്ന് പാർട്ടി ഔദ്യോഗികമായി അറിയിച്ചു.

മദ്യശാലകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ മുഖ്യമന്ത്രി വിജയിയുടെ ആദ്യ സുപ്രധാന ഉത്തരവിന് പിന്നാലെയാണ് പാർട്ടിയുടെ ഈ നീക്കം. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന 717 ടാസ്മാക് മദ്യശാലകൾ രണ്ടാഴ്ചയ്ക്കുള്ളിൽ അടച്ചുപൂട്ടാനാണ് സർക്കാർ ഉത്തരവിട്ടത്. ഈ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രവർത്തകർ തെരുവിലിറങ്ങാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് പാർട്ടി കൃത്യമായ പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ചത്.

പൊതുഗതാഗതത്തെ ബാധിക്കുന്ന തരത്തിലോ ജനങ്ങൾക്ക് തടസ്സമാകുന്ന രീതിയിലോ പാതയോരങ്ങളിൽ ബാനറുകളോ പോസ്റ്ററുകളോ സ്ഥാപിക്കരുത്. പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്ന ഒരു പ്രവൃത്തിയും പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് ടി.വി.കെ. എക്സ് (ട്വിറ്റർ) ഹാൻഡിലൂടെ വ്യക്തമാക്കി. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തമിഴ്‌നാടിന്റെ ക്ഷേമത്തിനാണ് മുൻഗണനയെന്നും മുഖ്യമന്ത്രി ഏൽപ്പിച്ച ഉത്തരവാദിത്തം ജനങ്ങൾക്കായി വിനിയോഗിക്കുമെന്നും പാർട്ടി നേതൃത്വം കൂട്ടിച്ചേർത്തു.