'പാറ്റകൾ നിരത്തിലിറങ്ങില്ലെന്നാണ് അവർ പറഞ്ഞത്'; ജന്തർ മന്തറിലെ വൻ ജനക്കൂട്ടത്തിന്റെ വീഡിയോയുമായി അഭിജീത് ദിപ്കെ
നീറ്റ് (NEET) പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് ഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിച്ച വൻ ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. "പാറ്റകൾ ഒരിക്കലും നിരത്തിലിറങ്ങില്ലെന്നാണ് അവർ പറഞ്ഞത്" എന്ന കുറിക്കുകൊള്ളുന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം പ്രതിഷേധത്തിന്റെ വീഡിയോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ വിവാദമായ 'പാറ്റ' പരാമർശത്തെ നേരിട്ട് വെല്ലുവിളിച്ചുകൊണ്ടാണ് സിജെപി ഈ പ്രതിഷേധം നയിക്കുന്നത്. ജന്തർ മന്തറിൽ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് പ്രതിഷേധക്കാരുടെ കൈകളിൽ ഇന്ത്യൻ ദേശീയ പതാകകളും ഭരണഘടനാ ശില്പി ബി.ആർ. അംബേദ്കറുടെ ചിത്രങ്ങളും കാണാം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കുക എന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം.
അമേരിക്കയിൽ നിന്നും ശനിയാഴ്ച രാവിലെ ഡൽഹി വിമാനത്താവളത്തിൽ എത്തിയ അഭിജീത് ദിപ്കെയെ സ്വീകരിക്കാൻ പ്രമുഖ കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക് എത്തിയിരുന്നു. തുടർന്ന് അദ്ദേഹം ജന്തർ മന്തറിലെ സമരപ്പന്തലിൽ നേരിട്ടെത്തി പ്രതിഷേധത്തിന് നേതൃത്വം നൽകി. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ വിദ്യാഭ്യാസ മന്ത്രി രാജി പ്രഖ്യാപിച്ചില്ലെങ്കിൽ സമരം ഡൽഹിക്ക് പുറത്തേക്ക് വ്യാപിപ്പിച്ച് രാജ്യം മുഴുവൻ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അഭിജീത് ദിപ്കെ മുന്നറിയിപ്പ് നൽകി.
