രാജിവെച്ച മൂന്ന് മുൻ ടി.എം.സി എം.പിമാർ ബി.ജെ.പിയിൽ ചേർന്നു
തൃണമൂൽ കോൺഗ്രസ് (TMC) മുൻ രാജ്യസഭാ എം.പിമാരായ സുഷ്മിത ദേവ്, സുഖേന്ദു ശേഖർ റോയ്, പ്രകാശ് ചിക് ബാരൈക് എന്നിവർ ബി.ജെ.പിയിൽ ചേർന്നു. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പരാജയത്തിന് പിന്നാലെ, ആഴ്ചകൾക്ക് മുൻപ് ഇവർ രാജ്യസഭാംഗത്വവും തൃണമൂൽ കോൺഗ്രസ് അംഗത്വവും രാജിവെച്ചിരുന്നു. കൊൽക്കത്ത സാൾട്ട് ലേക്കിലെ ബി.ജെ.പി ഓഫീസിൽ വെസ്റ്റ് ബംഗാൾ ബി.ജെ.പി അധ്യക്ഷൻ സമിക് ഭട്ടാചാര്യ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് മൂവരും പാർട്ടി അംഗത്വം സ്വീകരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വിശ്വാസമാണ് മുൻ എം.പിമാർ പ്രകടിപ്പിച്ചതെന്നും, ഇവരുടെ പരിചയസമ്പത്ത് പശ്ചിമ ബംഗാളിലെ ബി.ജെ.പിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും സമിക് ഭട്ടാചാര്യ പറഞ്ഞു. കേന്ദ്രവുമായി നിരന്തരമായ ഏറ്റുമുട്ടലിന്റെ രാഷ്ട്രീയമാണ് ബംഗാളിൽ തൃണമൂൽ സ്വീകരിച്ചതെന്നും ഇത് വികസനത്തെ പൂർണ്ണമായി തടസ്സപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പശ്ചിമ ബംഗാളിലെ ജനവിധി അംഗീകരിച്ചുകൊണ്ടാണ് താൻ രാജിവെച്ചതെന്നും മമത ബാനർജിയോട് വ്യക്തിപരമായ വിരോധമില്ലെന്നും പ്രകാശ് ചിക് ബാരൈക് വ്യക്തമാക്കി. രാഷ്ട്രീയവും വ്യക്തിപരവുമായ കാരണങ്ങളാലാണ് താൻ രാജിവെക്കുന്നതെന്നും അസമിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും സുഷ്മിത ദേവ് അറിയിച്ചു. എന്നാൽ സംസ്ഥാനത്ത് അനിയന്ത്രിതമായ അഴിമതിയാണെന്നും ക്രമസമാധാന തകർച്ചയാണെന്നും ആരോപിച്ചാണ് സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിനുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെയാണ് പുതിയ രാഷ്ട്രീയ നീക്കങ്ങൾ.
