വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച മൂന്ന് പെൺകുട്ടികൾ മരിച്ചു; പൊലീസിനെ അറിയിക്കാതെ സംസ്‌കാരം നടത്തി, അന്വേഷണം തുടങ്ങി

  1. Home
  2. National

വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച മൂന്ന് പെൺകുട്ടികൾ മരിച്ചു; പൊലീസിനെ അറിയിക്കാതെ സംസ്‌കാരം നടത്തി, അന്വേഷണം തുടങ്ങി

indore


വീട്ടിൽ വെച്ച് ഭക്ഷണം കഴിച്ചതിന് പിന്നാലെ സഹോദരിമാരായ മൂന്ന് പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. പത്തും എട്ടും ആറും വയസ്സുള്ള കുട്ടികളാണ് മരണപ്പെട്ടത്. രണ്ട് കുട്ടികൾ വീട്ടിലും മൂന്നാമത്തെ കുട്ടി ആശുപത്രിയിലുമാണ് മരിച്ചത്.

ഓഗസ്റ്റ് 23-ന് വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് കുട്ടികൾക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് ഓഗസ്റ്റ് 25-നും 26-നും ഇടയിലാണ് രണ്ട് കുട്ടികൾ മരിച്ചത്. എന്നാൽ വിവരം പൊലീസിനെ അറിയിക്കാതെ മൃതദേഹങ്ങൾ സംസ്‌കരിക്കാനായി സ്വന്തം നാടായ ഛത്തീസ്ഗഢിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മൂന്നാമത്തെ കുട്ടിയുടെയും ആരോഗ്യസ്ഥിതി മോശമായതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. തുടർന്ന് ഈ കുട്ടിയും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും പോസ്റ്റ്‌മോർട്ട നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. കുട്ടികളുടെ വീട്ടിൽ നിന്ന് മാവ്, മറ്റ് ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.