ടൈഗർ ഷ്രോഫിന് നേരായ ആക്രമണം; സംഘം രൺബീർ കപൂറിനെയും ലക്ഷ്യമിട്ടിരുന്നതായി മുംബൈ പൊലീസ്

  1. Home
  2. National

ടൈഗർ ഷ്രോഫിന് നേരായ ആക്രമണം; സംഘം രൺബീർ കപൂറിനെയും ലക്ഷ്യമിട്ടിരുന്നതായി മുംബൈ പൊലീസ്

ranbir


ബോളിവുഡ് താരം ടൈഗർ ഷ്രോഫിനെ ആക്രമിച്ച സംഘം നടൻ രൺബീർ കപൂറിനെയും ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്. രൺബീർ കപൂറിന്റെ ബാന്ദ്രയിലെ വീട് ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ ഈ സംഘം നിരീക്ഷിച്ചു വന്നിരുന്നതായി മുംബൈ പൊലീസ് വ്യക്തമാക്കി. കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങിന്റെ റഡാറിൽ മറ്റ് പല പ്രമുഖ സെലിബ്രിറ്റികളും ഉണ്ടെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമാകുന്നത്.

ബിഷ്ണോയ് സംഘത്തിലെ അംഗമായ അനിൽ പണ്ഡിറ്റിന്റെ നിർദേശപ്രകാരമാണ് ടൈഗർ ഷ്രോഫിന് നേരെ ആക്രമണം നടന്നതെന്ന് മുംബൈ പൊലീസ് ബുധനാഴ്ച കോടതിയെ അറിയിച്ചു. കേസിൽ ഇതുവരെ എട്ടുപേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഗൂഢാലോചനയും ആയുധ വിതരണവും സംബന്ധിച്ച് അന്വേഷണസംഘം വിശദമായ പരിശോധന നടത്തിവരികയാണ്. രാജസ്ഥാനിലെ കോട്ടയിൽ നിന്ന് കസ്റ്റഡിയിലെടുത്ത മുഖ്യ പ്രതിയെ ഇന്നലെ മുംബൈയിൽ എത്തിച്ചിട്ടുണ്ട്. ഇയാളെ ഒക്ടോബർ 31 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

തുടക്കത്തിൽ നടൻ സൽമാൻ ഖാനെ ലക്ഷ്യമിട്ടാണ് അക്രമികൾ മുംബൈയിൽ എത്തിയതെങ്കിലും, കനത്ത സുരക്ഷ കാരണം പദ്ധതി നടന്നിരുന്നില്ല. തുടർന്നാണ് സുരക്ഷ കുറവുള്ള ടൈഗർ ഷ്രോഫിന്റെ യാത്രകൾ അക്രമികളുടെ ശ്രദ്ധയിൽപ്പെട്ടതും ആക്രമണത്തിലേക്ക് കടന്നതും. ഞായറാഴ്ച വൈകിട്ട് മുംബൈ ജുഹുവിൽ ഫുട്ബോൾ കളിച്ച് കാറിൽ മടങ്ങുന്നതിനിടയിലാണ് ടൈഗർ ഷ്രോഫിന് നേരെ വെടിവെപ്പുണ്ടായത്. ഹരിയാന, ബിഹാർ സ്വദേശികളായ പ്രതികൾക്ക് പുറമെ തോക്ക് സംഘടിപ്പിച്ച് നൽകിയവരും ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ലിന്റെ പിടിയിലായിട്ടുണ്ട്.