ബംഗ്ലാദേശ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കും; രണ്ട് വർഷങ്ങൾക്ക് ശേഷം പ്രഖ്യാപനവുമായി ഇന്ത്യ
ബംഗ്ലാദേശ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത് ഇന്ത്യ പുനരാരംഭിക്കുന്നു. രണ്ട് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബംഗ്ലാദേശ് സ്വദേശികൾക്ക് ടൂറിസ്റ്റ് വിസ നൽകാൻ ഇന്ത്യ തയ്യാറെടുക്കുന്നതെന്ന് ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് ത്രിവേദി അറിയിച്ചു. ധാക്കയിലെ ഇന്ത്യൻ വിസ ആപ്ലിക്കേഷൻ സെന്റർ (IVAC) സന്ദർശിച്ചതിന് പിന്നാലെയാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
വരുന്ന ജൂൺ 28 മുതൽ ധാക്കയിലേത് ഉൾപ്പെടെ ബംഗ്ലാദേശിലെ അഞ്ച് പ്രധാന വിസ സെന്ററുകളിൽ ടൂറിസ്റ്റ് വിസകൾക്കായുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങുമെന്നും അധികൃതർ വ്യക്തമാക്കി. നേരത്തെ, കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യൻ പൗരന്മാർക്ക് വിസ അനുവദിക്കുന്നത് പുനരാരംഭിക്കുമെന്ന് ബംഗ്ലാദേശ് സർക്കാരും അറിയിച്ചിരുന്നു. നിലവിൽ മുംബൈ, ചെന്നൈ, അഗർത്തല എന്നിവിടങ്ങളിലെ ബംഗ്ലാദേശ് വിസ കേന്ദ്രങ്ങൾ സാധാരണ നിലയിൽ പ്രവർത്തനക്ഷമമാണ്.
2024 ഓഗസ്റ്റിൽ ബംഗ്ലാദേശിലുണ്ടായ രാഷ്ട്രീയ അട്ടിമറിയെ തുടർന്നാണ് പൗരന്മാർക്കുള്ള വിസ സേവനങ്ങൾ കേന്ദ്രസർക്കാർ താത്കാലികമായി നിർത്തിവെച്ചത്. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ പുറത്താക്കപ്പെടുകയും രാജ്യത്ത് കനത്ത കലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഈ സുരക്ഷാ മുൻകരുതൽ. വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് അധികാരം നഷ്ടപ്പെട്ട ഷെയ്ഖ് ഹസീന രാജ്യം വിടുകയും ഇന്ത്യയിൽ അഭയം തേടുകയും ചെയ്തിരുന്നു.
പിന്നാലെ നൊബേൽ ജേതാവായ പ്രൊഫ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ നിലവിൽ വന്നു. തുടർന്ന് 2026 ഫെബ്രുവരിയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണൽ പാർട്ടി (BNP) വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് അധികാരത്തിലേറി. ജനാധിപത്യ സർക്കാർ നിലവിൽ വന്നതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളിലും കടുത്ത നിലപാടുകളിലും വലിയ അയവ് വന്നിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഇന്ത്യ ടൂറിസ്റ്റ് വിസകൾ വീണ്ടും അനുവദിച്ച് തുടങ്ങുന്നത്.
