നെറ്റ്‌വർക്ക് മാറാൻ ഇനി ഒരാഴ്ച കാക്കണം; മൊബൈൽ നമ്പർ പോർട്ട് ചെയ്യാനുള്ള നടപടിക്രമങ്ങളിൽ മാറ്റംവരുത്തി ട്രായ്

  1. Home
  2. National

നെറ്റ്‌വർക്ക് മാറാൻ ഇനി ഒരാഴ്ച കാക്കണം; മൊബൈൽ നമ്പർ പോർട്ട് ചെയ്യാനുള്ള നടപടിക്രമങ്ങളിൽ മാറ്റംവരുത്തി ട്രായ്

sim


അടിക്കടി  സിം കാർഡുകൾ പോർട്ട്‌ ചെയ്ത് സാമ്പത്തികത്തട്ടിപ്പുകൾ കൂടിയ സാഹചര്യത്തിൽ മൊബൈൽനമ്പർ പോർട്ട് ചെയ്യാനുള്ള നടപടിക്രമങ്ങളിൽ മാറ്റംവരുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). സിം കാർഡ് മാറ്റിയുള്ള തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ട് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ ആവശ്യമനുസരിച്ചാണ് നടപടി. പുതിയ നിബന്ധനപ്രകാരം മോഷണംപോയതോ നഷ്ടപ്പെട്ടതോ ആയ സിം കാർഡിലെ നമ്പർ പുതിയ സിമ്മിലേക്കു മാറ്റിയശേഷം കണക്ഷന്‍ മറ്റൊരു സേവനദാതാവിലേക്കു മാറ്റുന്നതിന് ഏഴുദിവസം കാത്തിരിക്കണം. ജൂലായ് ഒന്നുമുതൽ ഇതു പ്രാബല്യത്തിലാകും. മൊബൈൽ നമ്പർ പോർട്ട് ചെയ്യാനുള്ള നിയമത്തിൽ കൊണ്ടുവരുന്ന ഒമ്പതാമത്തെ ഭേദഗതിയാണിത്.

സിം കാർഡ് നഷ്ടമായാൽ നമ്പർ മറ്റൊരു സിം കാർഡിലേക്ക് മാറ്റാൻ ഉപഭോക്താവിനു കഴിയും. അതേസമയം, ഉപഭോക്താവ് അറിയാതെ ഫോൺനമ്പർ മറ്റൊരു സിമ്മിലേക്കുമാറ്റി, അതിലേക്കു വരുന്ന ഒ.ടി.പി. നമ്പറുകൾ ഉപയോഗിച്ചുള്ള സാമ്പത്തികത്തട്ടിപ്പുകൾ വ്യാപകമാണ്. നമ്പർ പ്രവർത്തനരഹിതമായാലും അതിനുള്ള കാരണം ഉപഭോക്താവിന് പെട്ടെന്നു മനസ്സിലാകണമെന്നില്ല. നമ്പർ പോർട്ട്‌ ചെയ്തകാര്യം അറിഞ്ഞുവരുമ്പോഴേക്കും അക്കൗണ്ടിൽനിന്ന് പണം നഷ്ടമായിട്ടുണ്ടാകും.

ഫോൺ നമ്പറുകൾ പോർട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന യുണീക് പോർട്ടിങ് കോഡ് (യു.പി.സി.) അനുവദിക്കുന്നതിലും പുതിയ മാനദണ്ഡം അവതരിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച്, നമ്പർ മാറ്റാതെ പുതിയ സിം എടുത്തശേഷം ഏഴുദിവസം കഴിയാതെ യു.പി.സി. നൽകില്ല. അതേസമയം, 3 ജിയിൽനിന്നും മറ്റും 4 ജിയിലേക്കോ 5 ജിയിലേക്കോ അപ്ഗ്രേഡ് ചെയ്യുന്നതിന് നിയന്ത്രണങ്ങളില്ല. ഫോൺനമ്പർ മാറാതെത്തന്നെ ഒരു ടെലികോം കമ്പനിയുടെ സേവനത്തിൽനിന്ന് മറ്റൊരു കമ്പനിയിലേക്കു മാറാൻ അനുവദിക്കുന്ന സേവനമാണ് മൊബൈൽ നമ്പർ പോർട്ടബിലിറ്റി (എം.എൻ.പി.).