അസമില്‍ ട്രെയിന്‍ അപകടം; കൊല്‍ക്കത്ത-സായിരംഗ് എക്‌സ്പ്രസിന്റെ ആറ് കോച്ചുകള്‍ പാളം തെറ്റി
അസമിലെ കാംരൂപ് ജില്ലയിൽ ട്രെയിൻ പാളം തെറ്റി. കൊല്‍ക്കത്ത-സായിരംഗ് എക്‌സ്പ്രസിന്റെ എഞ്ചിനും ആറ് കോച്ചുകളുമാണ് പാളം തെറ്റിയത്. ദിഗാരു റെയില്‍വേ സ്റ്റേഷന് സമീപം രാവിലെ 6.54 ഓടെയായിരുന്നു അപകടം.
അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ട്. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയുടെ സി.പി.ആര്‍.ഒ കപിഞ്ജല്‍ കിഷോര്‍ ശര്‍മ്മ അറിയിച്ചു. മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.
മറ്റൊരു ട്രെയിനിന് കടന്നുപോകാൻ വഴിയൊരുക്കുന്നതിനിടെ ലോക്കോ പൈലറ്റിന് നിയന്ത്രണം നഷ്ടമായി എൻജിനും കോച്ചുകളും പാളത്തിൽ നിന്ന് തെന്നിമാറുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽപ്പെട്ട യാത്രക്കാരെ മറ്റൊരു ട്രെയിൻ മാർഗ്ഗം ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
