E20പെട്രോളിനെ വീണ്ടും ന്യായീകരിച്ച് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി
എഥനോൾ കലർത്തിയ E20 പെട്രോളിനെതിരേ രൂക്ഷമായ ആരോപണങ്ങൾ ഉയരുന്നതിനിടെ ഇ20 ഇന്ധനത്തെ ന്യായീകരിക്കുന്ന പ്രസ്താവനയുമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഒരു സാധാരണ കാർ ഉടമയ്ക്ക് വാഹനത്തിന്റെ മൈലേജ് കൃത്യമായി കണക്കാക്കാൻ സാധിക്കില്ലെന്നും അത് അംഗീകൃത ഡീലർഷിപ്പുകൾ നടത്തുന്ന ടെസ്റ്റുകളിലൂടെ മാത്രമേ അളക്കാൻ സാധിക്കൂവെന്നുമാണ് ഗഡ്കരിയുടെ വാദം. എബിപി ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
കാറിനുള്ളിൽ ഇ20 പെട്രോൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ സിറ്റി ഡ്രൈവുകളിൽ വാഹനത്തിന്റെ മൈലേജ് ഗണ്യമായി കുറഞ്ഞുവെന്ന മാധ്യമപ്രവർത്തകയുടെ പരാമർശത്തെ തുടർന്നായിരുന്നു ഗഡ്കരിയുടെ മറുപടി. 2023-ൽ വാങ്ങിയ കാറിൽ ഇപ്പോൾ ഇ20 പെട്രോളാണ് ഉപയോഗിക്കുന്നത്. മുമ്പ് സിറ്റിയിൽ 11 കിലോമീറ്റർ ഈ വാഹനത്തിന് മൈലേജ് ഉണ്ടായിരുന്നുവെന്നും ഇപ്പോൾ ഏഴ് കിലോമീറ്റർ മാത്രമാണ് ലഭിക്കുന്നതെന്നുമാണ് മാധ്യമപ്രവർത്തക പറഞ്ഞത്.
എന്നാൽ, ഇത് നിങ്ങൾ എങ്ങനെയാണ് കണക്കാക്കിയതെന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം. എല്ലാവരും ചെയ്യുന്നത് പോലെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ വിവരത്തിൽ നിന്നാണെന്ന് മാധ്യമപ്രവർത്തക മറുപടിയും നൽകി. ഇതിനുള്ള മറുപടിയായാണ് ഇന്ധനക്ഷമത കണക്കുകൾ നിർമാതാക്കൾ അംഗീകരിച്ചിട്ടുള്ള ടെസ്റ്റിങ് സംവിധാനങ്ങളിലൂടെ മാത്രമേ കൃത്യമായി ലഭിക്കൂവെന്ന് മന്ത്രി അറിയിച്ചത്.
നിങ്ങൾക്കും എനിക്കും മൈലേജ് പരിശോധിക്കാൻ സാധിക്കില്ല, ഒരു കാറിന്റെ മൈലേജ് കമ്പനി അംഗീകരിച്ചിട്ടുള്ള ഡീലറുടെ യന്ത്രങ്ങൾ ഉപയോഗിച്ച് മാത്രമേ പരിശോധിക്കാനാകൂവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇ20 പെട്രോളിനെ അദ്ദേഹം പൂർണമായും പിന്തുണയ്ക്കുകയും ചെയ്തു. ഇ20 പെട്രോളിൽ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ ഇന്ധനക്ഷമത കുറയുമെന്ന പെട്രോളിയം മന്ത്രാലയത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് മന്ത്രിയുടെ ഈ വാദം.
