തൃണമൂൽ കോൺഗ്രസിൻ്റെ 440 കോടി രൂപ മരവിപ്പിച്ച് പൊലീസ്
തിരഞ്ഞെടുപ്പ് തോൽവിക്കും സംഘടനയിലെ പിളർപ്പിനും പിന്നാലെ തൃണമൂൽ കോൺഗ്രസിന് (TMC)വീണ്ടും തിരിച്ചടി. പാർട്ടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലായി നിക്ഷേപിച്ചിരുന്ന ഏകദേശം ₹440 കോടി രൂപ പൊലീസ് മരവിപ്പിച്ചു.പാർട്ടിയിലെ വിമത എംഎൽഎമാരുടെ പരാതിയെ തുടർന്നാണ് നടപടി. പാർട്ടിയിലെ വിമത എംഎൽഎമാർ ഈ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് ക്രിമിനൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടിയിലെ ഫണ്ടുകളുടെയും സംഘടനയുടെയും നിയന്ത്രണത്തെച്ചൊല്ലി മുൻ മന്ത്രി അരൂപ് ബിശ്വാസിന്റെയും പ്രതിപക്ഷ നേതാവ് റിതബ്രത ബാനർജിയുടെയും നേതൃത്വത്തിലുള്ള ചേരികൾ തമ്മിൽ തൃണമൂലിൽ അധികാര തർക്കം നിലനിന്നിരുന്നു. ഇതിനിടയിലാണ് റിതബ്രത ബാനർജിയെ അനുകൂലിക്കുന്ന 10 എംഎൽഎമാർ ബിധാനഗർ പൊലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരിക്കുന്ന കോടിക്കണക്കിന് രൂപ നിയമവിരുദ്ധമായ പ്രവർത്തനങ്ങളിലൂടെയോ, കട്ട്-മണി (കമ്മീഷൻ) വഴിയോ, പൊതുപണം വകമാറ്റി മാറ്റിയതിലൂടെയോ ലഭിച്ചതാണോ എന്ന് അന്വേഷിക്കണമെന്നാണ് വിമത എംഎൽഎമാരുടെ ആവശ്യം.
