ഡൽഹിയിലെ രജീന്ദർ നഗറിലെ കടയിൽ മാതളജ്യൂസിനൊപ്പം കലർത്തിവിറ്റത് പ്രത്യേക രാസവസ്തുക്കൾ, രണ്ടുപേർ പിടിയിൽ
പ്രത്യേകതരം രാസവസ്തുക്കൾ കലർത്തിയ മാതളജ്യൂസ് വിറ്റതിന് രണ്ടുപേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഡൽഹിയിലെ രജീന്ദർ നഗർ പ്രദേശത്തായിരുന്നു സംഭവം. ജ്യൂസ് കടയിലെ ജീവനക്കാരായ രണ്ടുപേരാണ് പിടിയിലായത്. ഉടമയ്ക്കുവേണ്ടി പാെലീസ് അന്വേഷണമാരംഭിച്ചു.
പ്രദേശത്തെ കടയിൽ വിൽക്കുന്ന മാതള ജ്യൂസിൽ ചില രാസപദാർത്ഥങ്ങൾ കലർത്തുന്നുണ്ടെന്ന് നാട്ടുകാരിൽ ചിലരാണ് പൊലീസിനെ വിരവമറിയിച്ചത്. ഇതിനുള്ള തെളിവുകളും നാട്ടുകാർ പൊലീസിന് നൽകിയിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ നാട്ടുകാർ പറയുന്നത് സത്യമാണെന്ന് ബോദ്ധ്യപ്പെട്ടു. തുടർന്നാണ് ജീവനക്കാരായ രണ്ടുപേരെ അറസ്റ്റുചെയ്തത്. ജ്യൂസിൽ രാസവസ്തു കലർത്താൻ കടയുടമ ഷോയിബാണ് നിർദ്ദേശിച്ചതെന്നാണ് പിടിയിലായ ജീവനക്കാർ പൊലീസിനോട് പറഞ്ഞത്. പിടികൂടി പൊലീസിൽ ഏൽപ്പിക്കുംമുമ്പ് നാട്ടുകാർ കടയിലെ ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തു. എന്നാൽ നാട്ടുകാർക്കെതിരെ ജീവനക്കാർ പരാതി നൽകിയിട്ടില്ല.
പൊലീസ് വിളിച്ചുവരുത്തിയതനുസരിച്ച് സ്ഥലത്തെത്തിയ ഫുഡ് സേഫ്ടി ഇൻസ്പെക്ടർ രാസവസ്തുവിന്റെയും ജ്യൂസിന്റെയും സാമ്പിൾ ശേഖരിച്ചു. ഇത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കടയിൽ നിന്ന് വലിയ തോതിൽ രാസവസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പരിശോധനാ ഫലം വന്നതിനുശേഷം തുടർന്ന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഏതുതരത്തിലുള്ള രാസവസ്തുവാണ് ജ്യൂസിൽ കലർത്തിയതെന്ന് വ്യക്തമല്ല. ആസ്കതി ഉണ്ടാകുന്നതിനുവേണ്ടിയുളള പ്രത്യേക രാസവസ്തുക്കളാകാം ജ്യൂസിൽ കലർത്തിയതെന്നാണ് കരുതുന്നത്. ഈ കടയിൽ നിന്ന് പതിവായി ജ്യൂസ് കുടിച്ചവരെ കണ്ടെത്താനുളള ശ്രമമവും ആരംഭിച്ചിട്ടുണ്ട്. ജ്യൂസ് കടയെക്കുറിച്ച് നേരത്തേ ആരെങ്കിലും പരാതി നൽകിയോ എന്നും വ്യക്തമല്ല.