ജമ്മു കശ്മീരിൽ രണ്ട് വാഹനാപകടങ്ങൾ; മൂന്ന് മരണം, എട്ട് പേർക്ക് പരുക്ക്
ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി പനാസ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്.
പ്രേം സിങ് (50), ഭാര്യ തുരി ദേവി (45), ഭാര്യയുടെ അമ്മ ദുർഗ ദേവി (70) എന്നിവരാണ് മരിച്ചത്. തനോലെ ഗ്രാമത്തിൽ നിന്ന് തുബ് ഗ്രാമത്തിലേക്ക് പോകുന്നതിനിടെ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട എസ്യുവി കൊക്കയിലേക്ക് മറിയുകയായിരുന്നു.
വാഹനം കൊക്കയിലേക്ക് പതിക്കുന്നതിന് മുൻപ് മറ്റ് രണ്ട് യാത്രക്കാർ പുറത്തേക്ക് ചാടിയതിനാൽ രക്ഷപ്പെട്ടു. ഇവർക്ക് പരുക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു..
അതിനിടെ, രാജൗരി ജില്ലയിലെ ഖവാസ് മേഖലയിലെ ഗുന്ധ ഗ്രാമത്തിലും വാഹനാപകടമുണ്ടായി. ചൊവ്വാഴ്ച രാത്രിയാണ് കാർ റോഡിൽ നിന്ന് തെന്നിമാറി സമീപത്തെ വയലിലേക്ക് മറിഞ്ഞത്. അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
