ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഉമർ ഖാലിദ്: 'സഹപ്രതികൾക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം'
ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജാമ്യം നിഷേധിക്കപ്പെട്ടതിന് പിന്നാലെ പ്രതികരിച്ച് ഉമർ ഖാലിദ്. തനിക്കൊപ്പം അറസ്റ്റിലായ അഞ്ചുപേർക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും, ഈ തടവറയാണ് ജീവിതം എന്നുമാണ് ഉമർ ഖാലിദ് പ്രതികരിച്ചത്. പങ്കാളി ബൻജ്യോസ ലാഹിരിയാണ് ഉമർ ഖാലിദിന്റെ പ്രതികരണം എക്സിലൂടെ പങ്കുവെച്ചത്.
സുപ്രീംകോടതിയാണ് ഡൽഹി കലാപ ഗൂഢാലോചന കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ചത്. ഇരുവർക്കും എതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനിൽക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
കേസിലെ മറ്റ് അഞ്ചുപേർക്ക് ജാമ്യം അനുവദിച്ചു.റഹ്‌മാൻ, മീര ഹൈദർ, മുഹമ്മദ് സലീം ഖാൻ, ഷദാബ് അഹമ്മദ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.കർശന ഉപാധികളോടെയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്.വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും ജാമ്യം നൽകുന്നത് കുറ്റകൃത്യത്തിൻ് ഗൗരവം ഇല്ലാതാക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു.ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ.വി.അഞ്ജരിയയുമുൾപ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീലുകൾ നൽകിയിരുന്നത്. അഞ്ച് വർഷത്തിലേറെയായി പ്രതികൾ കസ്റ്റഡിയിലാണ്. 2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ കലാപത്തിനായി ഗൂഢാലോചന നടത്തിയെന്നാണ് കേസ്
