റൺവേയ്ക്ക് മുകളിൽ 'അജ്ഞാത വസ്തു'; ഇംഫാൽ വിമാനത്താവളത്തിലെ വിമാനങ്ങൾ വൈകി

  1. Home
  2. National

റൺവേയ്ക്ക് മുകളിൽ 'അജ്ഞാത വസ്തു'; ഇംഫാൽ വിമാനത്താവളത്തിലെ വിമാനങ്ങൾ വൈകി

airport


റൺവേയ്ക്ക് മുകളിൽ 'അജ്ഞാത പറക്കുംവസ്തു' കണ്ടെത്തിയതിനെ തുടർന്ന് മണിപ്പുരിലെ ഇംഫാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനസർവീസുകൾ കഴിഞ്ഞ ദിവസം തടസപ്പെട്ടു. മൂന്ന് സർവീസുകൾ വൈകുകയും രണ്ട് വിമാനങ്ങൾ കൊൽക്കത്തയിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു. വിശദപരിശോധനയ്ക്ക് ശേഷം വൈകിട്ട് അഞ്ചരയോടെ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.

ഉച്ചയ്ക്ക് രണ്ടരയോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഡ്രോൺ പോലെയുള്ള വസ്തുക്കളെ സംശയാസ്പദമായ വിധത്തിൽ കണ്ടത്. തുടർന്ന് വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ നിർത്തിവെച്ചു. അതിനുശേഷമുള്ള മൂന്ന് വിമാനങ്ങളിലെ അഞ്ഞൂറോളം യാത്രക്കാർക്ക് വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടിവന്നു.

മൂന്ന് മണിക്കും ആറുമണിക്കും ഇടയിൽ ഇംഫാലിൽനിന്ന് അഗർത്തല, ഗുവാഹാട്ടി, കൊൽക്കത്ത എന്നിവടങ്ങളിലേക്ക് യാത്ര തിരിക്കേണ്ടിയിരുന്ന സർവീസുകളാണ് വൈകിയത്. ഡൽഹിയിൽ നിന്നും ഗുവാഹാട്ടിയിൽ നിന്നും ഇംഫാലിലേക്കുള്ള സർവീസുകളാണ് കൊൽക്കത്തയിലേക്ക് തിരിച്ചുവിട്ടത്.

ആദ്യഘട്ടത്തിൽ അജ്ഞാതവസ്തു എന്താണെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെങ്കിലും കണ്ടത് ഡ്രോൺ ആണെന്ന് ഇംഫാൽ എയർപോർട്ട് ഡയറക്ടർ ചിപേമ്മി കൈഷിങ് പിന്നീട് പ്രസ്താവനയിൽ സ്ഥിരീകരിച്ചു. അൽപം വലിപ്പമുള്ള വസ്തു ഒരു മണിക്കൂറിലധികം നേരം വിമാനത്താവളത്തിന്റെ ആകാശത്ത് പറന്നതായി മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു.