‘പ്രതികരണമില്ലാത്ത സുഹൃത്ത്'; ഒമാൻ തീരത്തെ ആക്രമണത്തിൽ അമേരിക്കയ്‌ക്കെതിരെ ആഞ്ഞടിച്ച് ശശി തരൂർ
ഒമാൻ തീരത്തിന് സമീപം യു.എസ്. ആക്രമണത്തിൽ കപ്പലിലെ മൂന്ന് ഇന്ത്യൻ ജീവനക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയ്ക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എം.പി. ശശി തരൂർ. ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയായിരുന്നിട്ടും നിരപരാധികളായ ഇന്ത്യക്കാരുടെ മരണത്തിൽ ഖേദം പ്രകടിപ്പിക്കാൻ പോലും തയ്യാറാകാത്ത അമേരിക്കയെ 'പ്രതികരണമില്ലാത്ത സുഹൃത്ത്' എന്നാണ് തരൂർ വിശേഷിപ്പിച്ചത്. കപ്പലുകളെ തടയാൻ മാരകമല്ലാത്ത മറ്റ് മാർഗങ്ങൾ എന്തുകൊണ്ട് ഉപയോഗിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.
പാലാവു പതാകയുള്ള 'സെറ്റെബെല്ലോ' എന്ന എണ്ണക്കപ്പലിന് നേരെയായിരുന്നു യു.എസ് ആക്രമണം. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യക്കാരിൽ 21 പേരെ രക്ഷപ്പെടുത്തിയെങ്കിലും മൂന്ന് പേർ മരണപ്പെട്ടു. ഡെക്ക് കെഡേറ്റ് ആദിത്യ ശർമ, എൻജിൻ ഫിറ്റർ ശിവാനന്ദ് ചൗരസ്യ, ചീഫ് എൻജിനീയർ പട്നാല സുരേഷ് എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയോട് നയതന്ത്രപരമായ പ്രതിഷേധം അറിയിച്ചിരുന്നു.
എന്നാൽ, യു.എസ്. ഉപരോധം ലംഘിച്ച് ഹോർമുസ് കടലിടുക്കിലൂടെ അനധികൃതമായി ഇറാൻ എണ്ണ കടത്തുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നാണ് അമേരിക്ക പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. യു.എസ് സേനയുടെ നിർദേശങ്ങൾ വാണിജ്യ കപ്പലുകൾ പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ടോമി പിഗോട്ട് പറഞ്ഞു. അമേരിക്കയുടെ ഈ നിസ്സംഗത തന്നെ ഞെട്ടിച്ചുവെന്നും ജീവനക്കാരുടെ ജീവനെടുക്കാതെ കപ്പലിന്റെ പ്രവർത്തന സംവിധാനങ്ങൾ മാത്രം തകരാറിലാക്കി തടയാൻ യു.എസിന് കഴിയുമായിരുന്നില്ലേ എന്നും തരൂർ ചോദിച്ചു. ഗൾഫ് മേഖലയിലെ ഭൂരിഭാഗം ചരക്കുകപ്പലുകളിലും ഇന്ത്യൻ ജീവനക്കാരുണ്ടെന്നും അമേരിക്കയുടെ ഈ സമീപനം ഒട്ടും അംഗീകരിക്കാൻ കഴിയില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.
