യുപിയിൽ യുവതിയെ കൊന്ന് 6 കഷണങ്ങളാക്കി; മുൻകാമുകൻ അറസ്റ്റിൽ

  1. Home
  2. National

യുപിയിൽ യുവതിയെ കൊന്ന് 6 കഷണങ്ങളാക്കി; മുൻകാമുകൻ അറസ്റ്റിൽ

murder


ഉത്തർപ്രദേശിലെ അസംഗഡിലെ പശ്ചിംപട്ടി ഗ്രാമത്തിൽ മുൻ കാമുകിയെ കൊന്ന് ആറ് കഷണങ്ങളാക്കി ഉപേക്ഷിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആരാധന പ്രജാപതി(22) എന്ന യുവതിയാണ് കൊലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തി മൃതദേഹാവിഷ്ടങ്ങൾ കിണറ്റിലും കുളത്തിലുമായി തള്ളിയ മുൻ കാമുകൻ പ്രിൻസ് യാദവിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. 

നവംബർ 15ന് പശ്ചിംപട്ടി ഗ്രാമത്തിലെ കിണറ്റിൽനിന്ന് യുവതിയുടെ മൃതദേഹാവിഷ്ടങ്ങൾ കണ്ടെത്തിയതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൃതദേഹം കണ്ടെത്തുമ്പോൾ ദിവസങ്ങളോളം പഴക്കമുണ്ടായിരുന്നതായും അർധനഗ്നമായ അവസ്ഥയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. തന്നെ ഒഴിവാക്കി മറ്റൊരാളെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തിലാണ് ആരാധനയെ കൊലപ്പെടുത്തിയതെന്നു പ്രിൻസ് യാദവ് പൊലീസിനോട് പറഞ്ഞു.

നവംബർ 10 മുതൽ യുവതിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണു കിണറ്റിൽ കണ്ടെത്തിയ മൃതദേഹം ആരാധനയുടേതെന്ന് സ്ഥിരീകരിച്ചത്. പ്രിൻസ് യാദവിന്റെ മാതാപിതാക്കൾക്കും കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നു. മാതാപിതാക്കളുടെയും ബന്ധുവായ സർവേഷിന്റെയും സഹായത്തോടെയാണ് പ്രതി കൃത്യം നിർവഹിച്ചതെന്നു പൊലീസ് പറയുന്നു. രണ്ടുവർഷത്തോളം പ്രിൻസ് യുവതിയുമായി പ്രണയത്തിലായിരുന്നു. പ്രതി വിദേശത്ത് ജോലി ചെയ്യുന്ന അവസരത്തിലാണ് ആരാധനയുടെ വിവാഹം കഴിഞ്ഞ വിവരം അറിയുന്നത്.

ഇതിനു പിന്നാലെ ഇയാൾ നാട്ടിൽ തിരിച്ചെത്തി യുവതിയോട് വിവാഹബന്ധത്തിൽനിന്ന് പിൻമാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നിലവിലെ വിവാഹബന്ധം വേർപെടുത്തി പ്രിൻസിനെ വിവാഹം ചെയ്യാൻ ആരാധന തയാറാകുന്നില്ലെങ്കിൽ കൊന്നുകളയാൻ പ്രിൻസ് യാദവിന്റെ മാതാപിതാക്കൾ അയാളോട് പറഞ്ഞതായി പൊലീസ് പറയുന്നു. പ്രതി അമ്മാവനായ രാമ യാദവിന്റെ വീട്ടിൽ വച്ചാണ് കൊലപാതകത്തിനുള്ള പദ്ധതി തയാറാക്കിയത്.

നവംബർ 10ന് ആരാധനയെ ഇയാൾ വിളിച്ചുവരുത്തുകയായിരുന്നു. ആരാധനയുമായി വാക്കുതർക്കത്തിനു ശേഷം രാമ യാദവിന്റെ മകൻ സർവേഷും പ്രിൻസും ചേർന്ന് യുവതിയെ കരിമ്പിൻ തോട്ടത്തിൽ എത്തിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ശരീരം ആറ് കഷണങ്ങളാക്കി മുറിച്ചശേഷം പോളിത്തീൻ ബാഗിൽ പൊതിഞ്ഞ് ഗ്രാമത്തിലെ കിണറ്റിൽ തള്ളി. തല കുറച്ച് ദൂരെയുള്ള കുളത്തിൽ എറിഞ്ഞു. യുവതിയുടെ ശരീരം മുറിക്കാൻ ഉപയോഗിച്ച ആയുധവും നാടൻ തോക്ക്, വെടിയുണ്ടകൾ തുടങ്ങിയവയും പ്രതിയുടെ പക്കൽനിന്ന് കണ്ടെടുത്തു.