ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; സീറ്റ് വിഭജന ചർച്ചകൾക്കിടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് സമാജ്‌വാദി പാർട്ടി

  1. Home
  2. National

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; സീറ്റ് വിഭജന ചർച്ചകൾക്കിടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് സമാജ്‌വാദി പാർട്ടി

akhilesh yadav


സഖ്യകക്ഷിയായ കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് സമാജ്‌വാദി പാർട്ടി (എസ്.പി). അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നുള്ള നാല് സ്ഥാനാർത്ഥികളും ബുന്ദേൽഖണ്ഡ് മേഖലയിൽ നിന്നുള്ള ഒരാളുമാണ് ആദ്യ പട്ടികയിൽ ഇടംപിടിച്ചത്. കോൺഗ്രസ് ആവശ്യപ്പെട്ട സീറ്റുകളുടെ പട്ടികയിലുൾപ്പെട്ട പടിഞ്ഞാറൻ യു.പിയിലെ ബെഹത്, സഹാറൻപൂർ എന്നീ രണ്ട് മണ്ഡലങ്ങളിലും എസ്.പി ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു എന്നത് ശ്രദ്ധേയമാണ്.

ബെഹത്തിൽ നിന്ന് ഉമർ അലി ഖാൻ, സഹാറൻപൂരിൽ നിന്ന് ആഷു മാലിക്, കൈരാനയിൽ നാഹിദ് ഹസൻ, അംറോഹയിൽ നിന്ന് മെഹബൂബ് അലി തുടങ്ങിയ സിറ്റിങ് എം.എൽ.എമാർ തന്നെയാണ് വീണ്ടും ജനവിധി തേടുന്നത്. ബുന്ദേൽഖണ്ഡ് മേഖലയിൽ നിന്ന് പ്രഖ്യാപിച്ച ഏക സ്ഥാനാർത്ഥി ലളിത്പൂരിലെ ജ്യോതി ലോധിയാണ്. പട്ടികയിലുള്ള അഞ്ച് സ്ഥാനാർത്ഥികളിൽ നാല് പേർ മുസ്ലീം വിഭാഗത്തിൽ നിന്നുള്ളവരും, ജ്യോതി ലോധി ഒ.ബി.സി വിഭാഗമായ ലോധ് സമുദായത്തിൽ നിന്നുള്ളയാളുമാണ്.

സീറ്റ് വിഭജനത്തെച്ചൊല്ലി കോൺഗ്രസും എസ്.പിയും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസം നിലനിൽക്കുന്നതിനിടെയാണ് ഈ അപ്രതീക്ഷിത സ്ഥാനാർത്ഥി പ്രഖ്യാപനം. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ കോൺഗ്രസ് 130 സീറ്റുകളുടെ പട്ടികയാണ് മുന്നോട്ടുവെച്ചത്. എന്നാൽ, കോൺഗ്രസിന് 26 സീറ്റുകൾ മാത്രമാണ് സമാജ്‌വാദി പാർട്ടി ഇതുവരെ വാഗ്ദാനം ചെയ്തിട്ടുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് കാഴ്ചവെച്ച പ്രകടനങ്ങൾ വിലയിരുത്തിയാണ് ഏതൊക്കെ സീറ്റുകൾ നൽകണമെന്ന് എസ്.പി തീരുമാനിച്ചത്.

കോൺഗ്രസ് എം.പി പ്രമോദ് തിവാരിയുടെ ഡൽഹിയിലുള്ള വസതിയിൽ വെച്ചാണ് ഇരുപാർട്ടികളുടെയും നേതാക്കൾ സീറ്റ് വിഭജന ചർച്ചകൾക്കായി കൂടിക്കാഴ്ച നടത്തിയത്. കോൺഗ്രസുമായുള്ള ചർച്ചകൾക്കായി സമാജ്‌വാദി പാർട്ടി പ്രത്യേക സമിതിയെയും ചുമതലപ്പെടുത്തിയിരുന്നു. ഇപ്പോൾ വാഗ്ദാനം ചെയ്തിട്ടുള്ള 26 സീറ്റുകളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച കോൺഗ്രസിന് പതിനായിരത്തിന് മുകളിൽ വോട്ടുകൾ നേടാനായിരുന്നു. എങ്കിലും, ഈ മണ്ഡലങ്ങളിൽ മിക്കയിടത്തും വലിയ ഭൂരിപക്ഷത്തോടെ ബി.ജെ.പിയായിരുന്നു വിജയിച്ചത്.