ഉത്തരാഖണ്ഡിൽ ടണലിന്റെ ഒരുഭാഗം ഇടിഞ്ഞുവീണ സംഭവം; നാൽപ്പതുപേർ കുടുങ്ങിയിട്ട് 24 മണിക്കൂർ, പ്രാണവായുവും ഭക്ഷണവും എത്തിച്ചു

  1. Home
  2. National

ഉത്തരാഖണ്ഡിൽ ടണലിന്റെ ഒരുഭാഗം ഇടിഞ്ഞുവീണ സംഭവം; നാൽപ്പതുപേർ കുടുങ്ങിയിട്ട് 24 മണിക്കൂർ, പ്രാണവായുവും ഭക്ഷണവും എത്തിച്ചു

UTHARA


ഉത്തരാഖണ്ഡിൽ നിർമ്മാണത്തിലിരുന്ന ടണലിന്റെ ഒരുഭാഗം ഇടിഞ്ഞുവീണതിനെത്തുടർന്ന കുടുങ്ങിപ്പോയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു. നാൽപ്പത് തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോർട്ട്. ഇവരുമായി വാക്കിടോക്കി വഴി ബന്ധപ്പെട്ടെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് അധികൃതർ പറയുന്നത്. കുടുങ്ങിക്കിടക്കുന്നവർക്ക് പൈപ്പുവഴി വെള്ളവും ഭക്ഷണവും എത്തിക്കുന്നതും തുടരുകയാണ്. 

എല്ലാവരെയും പുറത്തെത്തിക്കുംവരെ ഈ രീതി തുടരാനാണ് തീരുമാനം. 13 മീറ്റർ വീതിയുള്ള തുരങ്കത്തിനുള്ളിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് തൊഴിലാളികൾക്ക് പുറത്തേക്ക് വരാനുള്ള പാത ഒരുക്കാനാണ് ഇപ്പോഴത്തെ ശ്രമം. തുരങ്കത്തിന്റെ തകർന്ന ഭാഗം പ്രവേശന കവാടത്തിൽ നിന്ന് 200 മീറ്റർ അകലെയാണ്. യന്ത്രസഹായത്തോടെ ഇരുപതുമീറ്ററോളം സ്ഥലത്തെ അവശിഷ്ടങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. അഗ്‌നിശമന സേനയും നാഷണൽ ഹൈവേ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് ഉദ്യോഗസ്ഥരും സഹായത്തിനുണ്ട്.

ഉത്തരകാശിയിൽ ഇന്നലെ പുലർച്ചെ നാലിനായിരുന്നു അപകടം. ഉടൻതന്നെ അവശിഷ്ടങ്ങൾക്കിടയിൽ ചെറിയ വിടവുണ്ടാക്കി ഓക്‌സിജൻ പൈപ്പ് കടത്തിവിട്ട് അകത്ത് കുടുങ്ങിപ്പോയവർക്ക് ശ്വാസ തടസമുണ്ടാവാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. യമുനോത്രി ധാമിൽ നിന്ന് ഉത്തരകാശിയിലേക്ക് നിർമ്മിക്കുന്ന ഛാർധാം റോഡ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ടണലാണ് ഇടിഞ്ഞത്. ഉത്തരകാശിയിലെ ദണ്ഡൽഗാവിനേയും സിൽക്യാരയേയും ബന്ധിപ്പിക്കുന്നതാണ് ടണൽ.