വന്ദേമാതരം വാർഷികം; റാലി നയിക്കാൻ പി.ടി. ഉഷയും
വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കൊൽക്കത്തയിൽ സംഘടിപ്പിക്കുന്ന ബൃഹത്തായ റാലി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും കായിക ഇതിഹാസവുമായ പി.ടി. ഉഷ നയിച്ചേക്കും. ജനുവരി 5, 6 തീയതികളിൽ ലോക്ഭവനിൽ രണ്ട് ദിവസങ്ങളിലായാണ് ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
ജനുവരി 5-ന് രവീന്ദ്രനാഥ ടാഗോറിന്റെ വസതിയായിരുന്ന ജൊറാസാങ്കോ താക്കുർബറിയിൽ നിന്ന് അഖണ്ഡ ജ്യോതി തെളിയിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. അടുത്ത ദിവസം ഈ അഖണ്ഡ ജ്യോതിയുമായി വിക്ടോറിയ മെമ്മോറിയൽ ഹാളിലേക്ക് നടത്തുന്ന വർണ്ണാഭമായ റാലിയുടെ നേതൃത്വം പി.ടി. ഉഷ വഹിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
രാജ്യത്തെ പ്രമുഖ സംഗീത പ്രതിഭകൾ അണിനിരക്കുന്ന സാംസ്കാരിക പരിപാടികളാണ് വാർഷികത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. ശ്രേയ ഘോഷാൽ, സോനു നിഗം, അർജിത് സിങ്, കൈലാഷ് ഖേർ, ഉഷ ഉതുപ്പ്, ശങ്കർ മഹാദേവൻ, കവിത കൃഷ്ണമൂർത്തി തുടങ്ങിയ പ്രശസ്ത ഗായകർ ആഘോഷങ്ങളുടെ ഭാഗമാകും.
