ഡൽഹി വായുമലിനീകരണത്തിന് പ്രധാന കാരണം വാഹനങ്ങൾ; സുപ്രീംകോടതി

  1. Home
  2. National

ഡൽഹി വായുമലിനീകരണത്തിന് പ്രധാന കാരണം വാഹനങ്ങൾ; സുപ്രീംകോടതി

   supreme court


ഡൽഹിയിലെ വായുമലിനീകരണത്തിന് പ്രധാന കാരണങ്ങളിലൊന്ന് വാഹനങ്ങളാണെന്ന് സുപ്രീംകോടതി. പൊതുഗതാഗത സംവിധാനത്തിലെ അപര്യാപ്തതയും മലിനീകരണത്തിന് കാരണമാകുന്നതായി കോടതി നിരീക്ഷിച്ചു. നിയന്ത്രണങ്ങൾ മാത്രം ഏർപ്പെടുത്തിയതുകൊണ്ട് പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും ആഘോഷങ്ങൾ കൂടുതൽ പരിസ്ഥിതി സൗഹൃദമാകണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഡൽഹി-എൻസിആറിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ട സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.

ഡൽഹിയിലേക്കും തിരിച്ചുമുള്ള റോഡുകളിൽ വാഹനങ്ങൾ നിരനിരയായി പോകുന്നത് കാണാമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. എല്ലാവരും ഡൽഹിയിലെ കാലാവസ്ഥ ആസ്വദിക്കുന്നുണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ദീപാവലി ആഘോഷങ്ങൾക്കൊപ്പം മലിനീകരണത്തെക്കുറിച്ചുള്ള ബോധവൽക്കരണവും ശക്തമാകണമെന്ന് കോടതി അഭിപ്രായപ്പെട്ടു.കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും ഉത്തരവുകൾ പുറപ്പെടുവിക്കുന്നതും മാത്രമല്ല പരിഹാരമെന്നും യഥാർഥ ആഘോഷരീതികളിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും ബെഞ്ച് നിരീക്ഷിച്ചു.

മഴ ലഭിച്ചതോടെ നേരത്തെ ഡൽഹിയിലെ മലിനീകരണത്തോത് കുറഞ്ഞിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ആകെ മലിനീകരണത്തിന്റെ 14 ശതമാനവും വൈക്കോൽ കത്തിക്കുന്നതുമൂലമാണെന്ന വിവരവും കോടതി പരാമർശിച്ചു. വൈക്കോൽ കത്തിക്കൽ, മാലിന്യം കത്തിക്കൽ തുടങ്ങിയ പ്രാദേശിക മലിനീകരണ സ്രോതസ്സുകൾ തടയാൻ അടിയന്തര ഇടപെടൽ വേണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.