ഡിഎ വർധിപ്പിച്ച് വിജയ് സർക്കാർ; 16 ലക്ഷം പേർക്ക് ഗുണകരമാകും
തമിഴ്‌നാട്ടിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത (ഡിഎ) വർധിപ്പിച്ച് മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സഖ്യസർക്കാർ. രണ്ട് ശതമാനം ഡിഎ വർധനയ്ക്കാണ് സർക്കാർ ഉത്തരവിട്ടത്. ഇതോടെ നിലവിലുണ്ടായിരുന്ന 58 ശതമാനത്തിൽനിന്ന് ഡിഎ 60 ശതമാനമായി ഉയരും. മെയ് പത്തിന് അധികാരമേറ്റതിന് പിന്നാലെ ജീവനക്കാരുടെ ക്ഷേമം മുൻനിർത്തിയുള്ള നിർണ്ണായക നീക്കമാണിത്.
പുതുക്കിയ ഡിഎ നിരക്ക് അടുത്ത ജനുവരി മുതൽ പ്രാബല്യത്തിൽ വരും. സംസ്ഥാന ഖജനാവിന് പ്രതിവർഷം 1230 കോടി രൂപയുടെ അധികബാധ്യതയാണ് ഈ തീരുമാനത്തിലൂടെ ഉണ്ടാകുന്നത്. 16 ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ, ആശ്രിത പെൻഷൻകാർ എന്നിവർക്ക് ഈ വർധനവിന്റെ ആനുകൂല്യം ലഭിക്കും. കേന്ദ്രസർക്കാർ ഡിഎ വർധിപ്പിച്ച സാഹചര്യത്തിലാണ് സംസ്ഥാനവും ഈ തീരുമാനമെടുത്തതെന്ന് സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. സർക്കാരിന്റെ ഈ ജനക്ഷേമ നടപടിയെ വിവിധ തൊഴിലാളി സംഘടനകളും പെൻഷൻകാരുടെ കൂട്ടായ്മകളും സ്വാഗതം ചെയ്തിട്ടുണ്ട്.
അധികാരമേറ്റ ഉടൻ തന്നെ ജനപ്രിയ പദ്ധതികളുമായി മുന്നോട്ട് പോകുന്ന വിജയ് സർക്കാരിന്റെ മറ്റൊരു സുപ്രധാന തീരുമാനമാണിത്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വീടുകൾക്ക് പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിക്ക് വിജയ് അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ജീവനക്കാർക്കും അധ്യാപകർക്കും ആശ്വാസമേകുന്ന ഡിഎ വർധനവും നടപ്പിലാക്കുന്നത്.
