തമിഴ്‌നാട്ടിൽ വിജയ് സർക്കാർ സത്യപ്രതിജ്ഞയിലേക്ക്; ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്
തമിഴ്‌നാട് രാഷ്ട്രീയത്തിലെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തമിഴക വെട്രി കഴകത്തിന് (TVK) കോൺഗ്രസ് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദമുന്നയിച്ച് ടിവികെ അധ്യക്ഷൻ വിജയ് ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ഗവർണർ രാജേന്ദ്ര ആർലേക്കറെ കാണും. നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട വിജയ് ഇതിനോടകം തന്നെ ഗവർണർക്ക് കത്ത് നൽകിയിട്ടുണ്ട്.
സർക്കാർ രൂപീകരണത്തിന് മാത്രമല്ല, വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്, ലോക്സഭ, രാജ്യസഭ തിരഞ്ഞെടുപ്പുകളിലും ഈ സഖ്യം തുടരുമെന്ന് തമിഴ്‌നാട് കോൺഗ്രസ് അറിയിച്ചു. തമിഴ്‌നാട്ടിലെ ജനവിധിയെ ബഹുമാനിക്കാനും മതേതര സർക്കാർ ഉറപ്പാക്കാനുമാണ് ടിവികെയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, കേന്ദ്രത്തിൽ ഇന്ത്യാ സഖ്യത്തിൽ ഡിഎംകെയോടൊപ്പം തന്നെ തുടരുമെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു.
തമിഴ്‌നാട് നിയമസഭയിലെ ആകെ 234 സീറ്റുകളിൽ കേവലഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. പെരമ്പൂർ, തിരുച്ചി ഈസ്റ്റ് മണ്ഡലങ്ങളിൽ നിന്ന് വിജയിച്ച വിജയ് തിരുച്ചിയിലെ എം.എൽ.എ സ്ഥാനം രാജിവെക്കുന്നതോടെ ടിവികെയുടെ അംഗബലം 107 ആയി മാറും. അഞ്ച് സീറ്റുകളുള്ള കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ മറ്റ് ചെറുകക്ഷികളുടെ കൂടി സഹായത്തോടെ കേവലഭൂരിപക്ഷം തികയ്ക്കാനാകുമെന്നാണ് ടിവികെ പ്രതീക്ഷിക്കുന്നത്. ഭരണഘടനയിൽ വിശ്വസിക്കാത്ത വർഗീയ ശക്തികളെ സഖ്യത്തിൽ നിന്ന് മാറ്റിനിർത്തുമെന്ന ഉറപ്പിന്മേലാണ് പിന്തുണ നൽകുന്നതെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.
