തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും; കോൺഗ്രസ് പിന്തുണയിൽ തീരുമാനം നാളെ

  1. Home
  2. National

തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും; കോൺഗ്രസ് പിന്തുണയിൽ തീരുമാനം നാളെ

vijay


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. സർക്കാർ രൂപീകരണത്തിനായി കോൺഗ്രസ് പിന്തുണ തേടി വിജയ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ സമീപിച്ചിരുന്നു. ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തമിഴ്‌നാട് ഘടകത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ബിജെപിയെ ഭരണത്തിൽ നിന്നും മാറ്റിനിർത്തുന്നതിനും മതേതര സർക്കാർ ഉറപ്പാക്കുന്നതിനുമാണ് കോൺഗ്രസ് മുൻഗണന നൽകുന്നതെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി. തമിഴ്‌നാട് നിയമസഭയിൽ 107 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെയ്ക്ക് കേവലഭൂരിപക്ഷമായ 118 തികയ്ക്കാൻ 11 സീറ്റുകളുടെ കൂടി പിന്തുണ ആവശ്യമാണ്.

അഞ്ച് സീറ്റുകളുള്ള കോൺഗ്രസ് പിന്തുണച്ചാലും കേവലഭൂരിപക്ഷത്തിന് മറ്റ് ചെറുകക്ഷികളുടെ പിന്തുണ കൂടി വിജയ്ക്ക് അനിവാര്യമാണ്. ഡിഎംകെ സഖ്യത്തിൽ മത്സരിച്ച ഇടതുകക്ഷികളും വിസികെ ഉൾപ്പെടെയുള്ള മറ്റ് പാർട്ടികളും ടിവികെയെ പിന്തുണയ്ക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.