വിജയ്-സംഗീത വിവാഹമോചന കേസ്; ഹർജി പിൻവലിച്ച് ഭാര്യ സംഗീത
നടൻ വിജയിയും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന കേസിൽ നിർണായക വഴിത്തിരിവ്. ചെങ്കൽപേട്ട് കുടുംബ കോടതിയിൽ നൽകിയിരുന്ന വിവാഹമോചന ഹർജി സംഗീത പിൻവലിച്ചു.ജൂൺ 15ന് കോടതി കേസ് പരിഗണിച്ചിരുന്നെങ്കിലും ഇരുവിഭാഗവും ഹാജരാകാതിരുന്നതിനെ തുടർന്ന് വാദം ഓഗസ്റ്റ് ഏഴിലേക്ക് മാറ്റിയിരുന്നു. ഇതിനിടെയാണ് ഹർജി പിൻവലിച്ചിരിക്കുന്നത്.
വൻ പൊതുജനശ്രദ്ധ നേടിയ കേസിൽ ഇരുവരും ഒത്തുതീർപ്പിലെത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. 2025 ഡിസംബർ 23നാണ് സംഗീത വിജയിക്കെതിരെ ചെങ്കൽപേട്ട് ജില്ലാ കോടതിയിൽ വിവാഹമോചന ഹർജി നൽകിയത്. പിന്നീട് കേസ് കുടുംബ കോടതിയിലേക്ക് മാറ്റുകയായിരുന്നു.
ജൂലൈയിൽ കേസ് പരിഗണിച്ചപ്പോൾ സുരക്ഷ പ്രശ്നങ്ങൾ കണക്കിലെടുത്തു വിഡിയോ കോൺഫറൻസ് വഴി ഹാജരാകാൻ അനുവദിക്കണമെന്നു ഇരുവരും ആവശ്യപ്പെട്ടിരുന്നു. വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് അടക്കം ആരോപിച്ചാണ് സംഗീത ഹർജി നൽകിയത്. അതിനിടെ വിജയ്യുടെ കുടുംബം ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചെന്ന തരത്തിൽ പിന്നീട് റിപ്പോർട്ടുകൾ വന്നു. സംഗീത നൽകിയ വിവാഹമോചന നോട്ടിസ് കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നും സംഗീതയ്ക്കും മക്കൾക്കുമായി 240 കോടി രൂപ ജീവനാംശം നൽകാൻ വിജയ് ഒരുക്കമാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
