‘ജനനായകൻ’ ചിത്രത്തിന്റെ നിർമ്മാതാവിന് പുതിയ നിയമനം നൽകി വിജയ് സർക്കാർ; തമിഴ്‌നാട്ടിൽ വിവാദം

  1. Home
  2. National

‘ജനനായകൻ’ ചിത്രത്തിന്റെ നിർമ്മാതാവിന് പുതിയ നിയമനം നൽകി വിജയ് സർക്കാർ; തമിഴ്‌നാട്ടിൽ വിവാദം

vijay


തമിഴ്‌നാട് സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി ചലച്ചിത്ര നിർമ്മാതാവ് കെ. വെങ്കട് നാരായണയെ നിയമിച്ച് വിജയ് സർക്കാർ. ഒരു വർഷത്തേക്ക് താൽക്കാലിക പദവി സൃഷ്ടിച്ചാണ് ഈ അപ്രതീക്ഷിത നിയമനം നടത്തിയിരിക്കുന്നത്. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'ജനനായകന്റെ' നിർമ്മാതാവാണ് വെങ്കട് നാരായണ.

സെൻസർ ബോർഡുമായുള്ള തർക്കങ്ങളെത്തുടർന്ന് 'ജനനായകൻ' സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനമെന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. നേരത്തെ, തമിഴ്‌നാട്ടിൽ സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണർ വിശ്വനാഥ് അർലേക്കറെ സന്ദർശിച്ചപ്പോൾ വെങ്കട് നാരായണയും ഒപ്പമുണ്ടായിരുന്നു. കർണാടക സ്വദേശിയായ ഇദ്ദേഹത്തിന്റെ രാഷ്ട്രീയ നിയമനത്തിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.

കെ.വി.എൻ പ്രൊഡക്ഷൻസ് എന്ന പ്രമുഖ ബാനറിന്റെ ഉടമയായ വെങ്കട് നാരായണ നിലവിൽ ദക്ഷിണേന്ത്യൻ സിനിമാ ലോകത്തെ വലിയ പ്രൊജക്റ്റുകളുടെ ഭാഗമാണ്. മലയാളത്തില്‍ 'ബാലന്‍: ദ ബോയ്' നിര്‍മിച്ചത് വെങ്കട് നാരായണ ആണ്. വെങ്കട് നാരായണ മലയാളത്തിൽ നിർമ്മിക്കുന്ന ആദ്യ ചിത്രമാണിത്. ഇതിനുപുറമേ, സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗീതു മോഹൻദാസ് - യഷ് ചിത്രം 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്', പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം 'ഹൈവാൻ' എന്നിവയും നിർമ്മിക്കുന്നത് കെ. വെങ്കട് നാരായണയാണ്.