അമ്മ കന്റീനു’കൾക്ക് പുതുജീവൻ നൽകി വിജയ് സർക്കാർ

  1. Home
  2. National

അമ്മ കന്റീനു’കൾക്ക് പുതുജീവൻ നൽകി വിജയ് സർക്കാർ

s


‘അമ്മ കന്റീനു’കൾക്ക് പുതുജീവൻ നൽകി വിജയ് സർക്കാർ. സംസ്ഥാനത്തെമ്പാടും 620 നഗരപ്രദേശങ്ങളിൽ സാധാരണക്കാർക്ക് ഏറെ ഉപകാരപ്രദമായിരുന്ന കന്റീനുകളാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിർജീവാവസ്ഥയിലായത്. മുൻമുഖ്യമന്ത്രി ജയലളിത 2013-ൽ സാധാരണക്കാർക്ക് വേണ്ടി കുറഞ്ഞ നിരക്കിൽ ഭക്ഷണം മൂന്നുനേരവും നൽകാനായി തുറന്നിരുന്ന അമ്മ കന്റീനുകൾക്ക് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ഭക്ഷണത്തിനുള്ള ഫണ്ട് വകയിരുത്തേണ്ടത്. അണ്ണാ ഡിഎംകെ സർക്കാർ കൊണ്ടുവന്ന കന്റീനുകൾക്ക് പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചു വന്ന ഡിഎംകെ ഭരണ സമിതികൾ ഫണ്ട് വകയിരുത്താതെ വന്നതോടെ പ്രവർത്തനം നാമമാത്രമായി. അറ്റകുറ്റപ്പണികൾ ഇല്ലാതെ ഉപകരണങ്ങളും മറ്റും നശിക്കുകയും ചെയ്തു. ഇതോടെ കന്റീനുകളുടെ പ്രവർത്തനം തന്നെ താളം തെറ്റി.

ഒരു രൂപയ്ക്ക് ഇഡ്ഡലി, 3 രൂപയ്ക്ക് തൈര് സാദം, 5 രൂപയ്ക്ക് സാമ്പാർ സാദം എന്നിങ്ങനെ നൽകിയിരുന്നു. പദ്ധതി പലയിടങ്ങളിലും വനിത സ്വയംസേവക സംഘത്തിന്റെ നേതൃത്വത്തിലാണ് നടന്നിരുന്നത്. ഭക്ഷണത്തിന്റെ നിലവാരം കുറഞ്ഞതോടെ ശ്രദ്ധിക്കേണ്ട ഉദ്യോഗസ്ഥർക്കും താൽപര്യമില്ലാതായി. പുതിയ ടിവികെ സർക്കാർ അധികാരമേറ്റ് ഒരാഴ്ച പിന്നിടുമ്പോഴേക്കും ഇവ പ്രവർത്തന സജ്ജമാക്കാൻ നടപടികൾ തുടങ്ങി. സംസ്ഥാനത്തുള്ള എല്ലാ അമ്മ കന്റീനുകളും അതത് തദ്ദേശ സ്ഥാപനങ്ങൾ ഫണ്ട് വകയിരുത്തി നവീകരണ പ്രവർത്തനങ്ങൾ ഉടൻതന്നെ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു. മണിക്കൂറുകൾക്കകം നാമമാത്രമായി പ്രവർത്തിച്ചിരുന്ന കന്റീനുകൾ പുനരുജ്ജീവിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് ജീവൻവച്ചു. നഗരത്തിൽ കോർപറേഷൻ ഉന്നത ഉദ്യോഗസ്ഥർ ചൊവ്വാഴ്ച രാവിലെ തന്നെ യോഗം വിളിച്ചു ചേർക്കുകയും കമ്മിഷണറുടെ നേതൃത്വത്തിൽ കന്റീനുകൾ നേരിട്ട് പരിശോധിച്ച് ഭക്ഷണനിലവാരം ഉറപ്പുവരുത്തുകയും ചെയ്തു.