അഴിമതി വിരുദ്ധ ഹെൽപ്‌ലൈനുമായി വിജയ് സർക്കാർ; കുടുങ്ങിയത് ടിവികെ നേതാവ്, കൈക്കൂലി വാങ്ങുന്ന വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ്

  1. Home
  2. National

അഴിമതി വിരുദ്ധ ഹെൽപ്‌ലൈനുമായി വിജയ് സർക്കാർ; കുടുങ്ങിയത് ടിവികെ നേതാവ്, കൈക്കൂലി വാങ്ങുന്ന വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ്

tvk


കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ തമിഴക വെട്രി കഴകം (ടിവികെ) നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ചെങ്കൽപട്ട് ഈസ്റ്റ് ഡിസ്ട്രിക്റ്റ് ജോയിന്റ് സെക്രട്ടറിയും മാമ്പാക്കം പഞ്ചായത്ത് യൂണിയൻ ചെയർമാനുമായിരുന്ന വീരസാമിക്കെതിരെയാണ് അടിയന്തര നടപടി സ്വീകരിച്ചത്.

ഒരു കരാറുകാരനിൽ നിന്ന് വീരസാമി 1.30 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെ, അഴിമതി വിരുദ്ധത പുറമേക്ക് മാത്രം പ്രസംഗിക്കുന്ന പാർട്ടിയാണ് ടിവികെ എന്ന് ബിജെപി തമിഴ്‌നാട് അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ വിമർശനമുന്നയിച്ചു. വിവാദം കനത്തതോടെ വീരസാമിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും എല്ലാ ഔദ്യോഗിക പദവികളിൽ നിന്നും അടിയന്തരമായി പുറത്താക്കിക്കൊണ്ട് ടിവികെ അച്ചടക്ക സമിതി ഉത്തരവിറക്കുകയായിരുന്നു. പാർട്ടിയുടെ അന്തസ്സിന് കളങ്കം വരുത്തുന്ന രീതിയിൽ പ്രവർത്തിച്ചതിനാണ് നടപടിയെന്ന് ചെങ്കൽപട്ട് ഈസ്റ്റ് ഡിസ്ട്രിക്റ്റ് സെക്രട്ടറി സി.വി. ദിനകരൻ അറിയിച്ചു.

കൈക്കൂലി വാങ്ങുന്നവരെയോ അധികാര ദുർവിനിയോഗം ചെയ്യുന്നവരെയോ വെച്ചുപൊറുപ്പിക്കില്ലെന്ന് ടിവികെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജോസഫ് വിജയ് കരൂരിൽ നടന്ന റാലിയിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അഴിമതിക്കാരുടെ വിവരങ്ങൾ അറിയിക്കാനുള്ള വാട്‌സ്ആപ്പ് ഹെൽപ്‌ലൈൻ സർക്കാർ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് സ്വന്തം പാർട്ടി നേതാവിനെതിരെ തന്നെ നടപടിയുണ്ടാകുന്നത്.

വിവാദങ്ങൾക്കിടെ, എല്ലാ സർക്കാർ ഓഫീസുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും അഴിമതി വിരുദ്ധ ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കാൻ തമിഴ്‌നാട് സർക്കാർ നിർദ്ദേശം നൽകി. 'കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണ്' എന്ന സന്ദേശത്തോടൊപ്പം, കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡയറക്ടറേറ്റിന്റെ പ്രത്യേക വാട്സ്ആപ്പ് നമ്പറും മറ്റ് വിവരങ്ങളും ഈ ബോർഡുകളിൽ രേഖപ്പെടുത്തും. എല്ലാ സർക്കാർ വെബ്‌സൈറ്റുകളിലും ഓൺലൈനായി പരാതി നൽകാനുള്ള ഹൈപ്പർലിങ്കും ഉൾപ്പെടുത്തും. ഈ നിർദ്ദേശങ്ങൾ ഓഫീസുകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക നിരീക്ഷണ സംഘങ്ങളെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്.