മാവോയിസ്റ്റ് ബാധിത ഗ്രാമം, ചീത്തപ്പേര് മാറ്റാൻ ഗ്രാമവാസികൾ ഒരുമിച്ച് ദേശീയ ഗാനം പാടി ദിവസം ആരംഭിക്കും

  1. Home
  2. National

മാവോയിസ്റ്റ് ബാധിത ഗ്രാമം, ചീത്തപ്പേര് മാറ്റാൻ ഗ്രാമവാസികൾ ഒരുമിച്ച് ദേശീയ ഗാനം പാടി ദിവസം ആരംഭിക്കും

flag


മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിലെ മുൽചെറ നിവാസികൾ  മാവോയിസ്റ്റ് ബാധിത ഗ്രാമമെന്ന ചീത്തപ്പേര് മാറ്റാൻ എന്നും രാവിലെ ദേശീയ ഗാനം പാടി ദിവസം ആരംഭിക്കുക. സ്വാതന്ത്ര്യ ദിവസം മുതലാണ് ഈ പുതിയ തീരുമാനം ഇവിടെ നടപ്പിലാക്കി തുടങ്ങിയത്. ഒരു കാലത്ത് മാവോയിസ്റ്റ് പ്രവർത്തനങ്ങളുടെ ഈറ്റില്ലമായിരുന്നു മുംബയിൽ നിന്നും 900 കിലോമീറ്റർ അകലെയുള്ള ഈ ഗ്രാമം. 2500 ഓളം പേർ താമസിക്കുന്ന മുൽചെറയിൽ ഗോത്രവർഗക്കാരും കൂടുതലായിട്ടുണ്ട്.

ദേശീയഗാനം രാവിലെ കൂട്ടമായി ആലപിക്കുന്ന രാജ്യത്തെ മൂന്നാമത്തെ ഗ്രാമമാണ് മുൽചെറി. തെലങ്കാനയിലെ നൽഗൊണ്ട ഗ്രാമത്തിലും മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ ഭിൽവാഡി ഗ്രാമത്തിലും ഈ പതിവ് നേരത്തേ ആരംഭിച്ചിരുന്നു. എല്ലാ ദിവസവും ഗ്രാമവാസികൾ, വ്യാപാര സ്ഥാപനങ്ങളുടെ ഉടമകൾ, ചെറുകിട വ്യാപാരികൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ രാവിലെ 8.45 ന് ഒത്തുകൂടി ദേശീയഗാനം ആലപിക്കും. ഈ സമയം ഗ്രാമം മുഴുവൻ നിശ്ചലമായിരിക്കും.

ഈ സമയം ഇവിടെ സർവീസ് നടത്തുന്ന രണ്ട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസുകൾ പോലും നിർത്തിയിടും, അതിലെ ജീവനക്കാരും യാത്രക്കാരും എഴുന്നേറ്റ് നിന്ന് ആലാപനത്തിൽ പങ്കുചേരും. ഈ മാതൃക കണ്ട് അയൽ ഗ്രാമമായ വിവേകാനന്ദപൂരിലും ഗ്രാമവാസികൾ ദേശീയഗാനം ആലപിക്കുന്നത് ആരംഭിച്ചിട്ടുണ്ട്.

മുൽച്ചേര പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്നയിടത്താണ് പൊലീസും മാവോയിസ്റ്റുകളും തമ്മിലുള്ള ആദ്യത്തെ ഏറ്റുമുട്ടൽ നടന്നത്. 1992ൽ ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കമാൻഡറെന്ന് സംശയിക്കുന്ന സന്തോഷ് അന്നയും ഒരു കുട്ടിയും കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് ഗ്രാമത്തിന് മാവോയിസ്റ്റ് ബാധിത ഗ്രാമം എന്ന പട്ടം ചാർത്തപ്പെട്ടത്. പിന്നീട് നിരവധി ഏറ്റുമുട്ടലുകൾക്ക് ഇവിടം സാക്ഷ്യം വഹിച്ചു. അടുത്തിടെ മാവോയിസ്റ്റ് എന്ന് സംശയിക്കുന്ന ഒരു സ്ത്രീ പങ്കാളിക്കൊപ്പം കീഴടിങ്ങിയിരുന്നു.