വാങ്ചുക് സഫ്ദർജങ് ആശുപത്രിയിൽ തന്നെ തുടരും; കേന്ദ്രത്തിനും ഡൽഹി പൊലീസിനും ഹൈക്കോടതി നോട്ടീസ്
നിരാഹാര സമരം നടത്തിവരികയായിരുന്ന പ്രമുഖ പരിസ്ഥിതിപ്രവർത്തകൻ സോനം വാങ്ചുകിനെ പോലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയതിനെതിരെയുള്ള ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ സമർപ്പിച്ച അടിയന്തര ഹർജിയിൽ കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനും കോടതി നോട്ടീസയച്ചു. വിഷയത്തിൽ മൂന്ന് ദിവസത്തിനകം വിശദമായ മറുപടി നൽകണമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം. നിലവിൽ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന വാങ്ചുകിന്റെ ചികിത്സ അവിടെത്തന്നെ തുടരുമെന്നും കോടതി വ്യക്തമാക്കി. കേസ് ഈ മാസം 24-ന് വീണ്ടും പരിഗണിക്കും.
ഹർജിക്കാരിക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത ആരോപണങ്ങളാണ് കോടതിയിൽ ഉന്നയിച്ചത്. സോനം വാങ്ചുക് ലഡാക്കിൽ 35 ദിവസത്തോളം സമരം നടത്തിയപ്പോൾ തിരിഞ്ഞുനോക്കാത്ത കേന്ദ്ര ഭരണകൂടം, ഇപ്പോൾ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് കപിൽ സിബൽ വാദിച്ചു. വാങ്ചുകിന്റെ സമര വീര്യം ഇല്ലാതാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിത്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാതിരുന്നിട്ടും അദ്ദേഹത്തെ മാറ്റിയ ആശുപത്രി മുറിയിൽ വരെ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.
എന്നാൽ, വാങ്ചുകിന് ആവശ്യമായ വിദഗ്ധ ചികിത്സ ഉറപ്പാക്കാനാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകർ വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായാൽ ആര് ഉത്തരവാദിത്വം പറയുമെന്നും സർക്കാർ കോടതിയിൽ ചോദ്യമുയർത്തി. വാങ്ചുകിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന മെഡിക്കൽ റിപ്പോർട്ട് അംഗീകരിച്ച കോടതി, ഡോക്ടർമാരുടെ നിർദേശങ്ങളോടും ചികിത്സയോടും അദ്ദേഹം പൂർണ്ണമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു. ആശുപത്രി അധികൃതർ അനുവദിച്ചിട്ടുള്ള സമയങ്ങളിൽ കുടുംബാംഗങ്ങൾക്ക് അദ്ദേഹത്തെ സന്ദർശിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സോനം വാങ്ചുക് ആശുപത്രിയിൽ നിയമവിരുദ്ധ തടങ്കലിലാണെന്നും, അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഭാര്യ ഗീതാഞ്ജലി ആങ്‌മോ കോടതിയെ സമീപിച്ചത്. ചികിത്സയിൽ സുതാര്യതയില്ലെന്നും ഡോക്ടർമാർക്കും അഭിഭാഷകർക്കും അദ്ദേഹത്തെ കാണാൻ അനുവാദം നൽകി ഡിസ്ചാർജ് ചെയ്യണമെന്നുമായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. പരീക്ഷാ ക്രമക്കേട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർമന്ദറിൽ 21 ദിവസമായി നിരാഹാരമനുഷ്ഠിച്ചുവരികയായിരുന്ന വാങ്ചുകിനെ കഴിഞ്ഞ ദിവസമാണ് പോലീസ് ബലം പ്രയോഗിച്ച് സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റിയത്. കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജിത് ദീപ്കെയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.
