'ലക്ഷ്യം കാണും വരെ പിന്മാറില്ല'; ആശുപത്രിയില്‍ ചികിത്സ നിരസിച്ച് സോനം വാങ്ചുക്
ജന്തർ മന്തറിലെ സമരപ്പന്തലിൽ നിന്ന് ഡൽഹി പോലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് ചികിത്സ നിരസിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഭക്ഷണമോ മരുന്നുകളോ സ്വീകരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. ലക്ഷ്യം കാണുന്നതുവരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും പ്രക്ഷോഭം ശക്തമായി മുന്നോട്ടു കൊണ്ടുപോകണമെന്നുമാണ് ആശുപത്രിയിൽ നിന്നും സോനം വാങ്ചുക് നൽകിയ സന്ദേശത്തിൽ പറയുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി അങ്മോയാണ് ഈ സന്ദേശം മാധ്യമങ്ങളെ അറിയിച്ചത്.
തന്നെ എത്രയും വേഗം ആശുപത്രിയിൽ നിന്നും വിട്ടയക്കണമെന്ന് വാങ്ചുക് ആവശ്യപ്പെട്ടതായാണ് വിവരം. സമാധാനപരമായ രീതിയിൽ പ്രക്ഷോഭവുമായി മുന്നോട്ട് പോകണമെന്നും പാർലമെന്റ് മാർച്ച് അടക്കമുള്ള മുൻനിശ്ചയിച്ച പ്രകാരമുള്ള പരിപാടികളുമായി പ്രവർത്തകർ തുടരണമെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് സോനം വാങ്ചുക്കിനെ ജന്തർ മന്തറിലെ സമരപ്പന്തലിൽ നിന്ന് പോലീസ് ബലമായി അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്.
നിലവിൽ സോനത്തിന്റെ പൾസ്, ബിപി, ഓക്സിജൻ നിരക്കുകൾ സാധാരണ നിലയിലാണെങ്കിലും ശരീരത്തിൽ നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങളുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഡൽഹി എയിംസിലെ വിദഗ്ധ ഡോക്ടർ ഉൾപ്പെടുന്ന ചികിത്സാ സംഘമാണ് അദ്ദേഹത്തെ നിരീക്ഷിക്കുന്നത്. എന്നാൽ ഐവി ദ്രാവകം സ്വീകരിക്കാൻ സോനം വിസമ്മതിച്ചതായും ഒആർഎസും മറ്റ് മരുന്നുകളും നിരസിച്ചതായും ഡോക്ടർമാർ അറിയിച്ചു. ഭക്ഷണം കഴിക്കാതിരിക്കുന്നത് അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ വഷളാക്കുമെന്നും മെഡിക്കൽ സംഘം മുന്നറിയിപ്പ് നൽകുന്നു. അതേസമയം, സോനം വാങ്ചുക്കിനെ ആശുപത്രിയിൽ നിന്ന് വിട്ടയക്കുന്നത് വരെ സമരപ്പന്തലിൽ സിജെപി സ്ഥാപകൻ അഭിജിത്ത് ദീപകെ, എസ്എഫ്ഐ ദേശീയ പ്രസിഡന്റ് ആദർശ് എം. സജി എന്നിവർ നിരാഹാര സമരം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ജന്തർ മന്തറിലെ സമരവേദിയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് തുടരുന്നത്.
