പശ്ചിമേഷ്യൻ സംഘർഷം; ഡൽഹിയിൽ ഇന്ന് സർവകക്ഷി യോഗം
പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന പ്രതിസന്ധിയും ഇന്ത്യയിൽ അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളും ചർച്ച ചെയ്യുന്നതിനായി കേന്ദ്രസർക്കാർ ഇന്ന് സർവകക്ഷി യോഗം വിളിച്ചു. വൈകിട്ട് അഞ്ച് മണിക്കാണ് യോഗം ചേരുക. ആഗോള വ്യാപാരത്തെയും ഊർജ്ജ വിതരണത്തെയും ബാധിക്കുന്ന തരത്തിൽ മേഖലയിലെ സംഘർഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ, രാജ്യത്തിന്റെ നിലപാടും സുരക്ഷാ മുൻകരുതലുകളും യോഗം ചർച്ച ചെയ്യും. പ്രതിപക്ഷ നേതാക്കളും യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
യുഎസ് പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പശ്ചിമേഷ്യൻ സാഹചര്യങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. ഹോർമുസ് കടലിടുക്ക് അടച്ചതുൾപ്പെടെയുള്ള നിർണ്ണായക വിഷയങ്ങൾ ചർച്ചയിൽ വന്നു. അതേസമയം, ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള പാചകവാതക നീക്കം സുരക്ഷിതമായി തുടരുന്നുണ്ടെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. 90,000 മെട്രിക് ടണ്ണിലധികം എൽപിജിയുമായി 'പൈൻ ഗ്യാസ്', 'ജഗ് വസന്ത്' എന്നീ രണ്ട് വമ്പൻ കപ്പലുകൾ കടലിടുക്ക് വിജയകരമായി പിന്നിട്ട് ഇന്ത്യൻ തീരത്തേക്ക് നീങ്ങുകയാണ്.
പൈൻ ഗ്യാസ് മാർച്ച് 27-ന് മംഗളൂരു തുറമുഖത്തും ജഗ് വസന്ത് മാർച്ച് 26-ന് കണ്ട്‌ല തുറമുഖത്തും അടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിലും രാജ്യത്തെ ഊർജ്ജ വിതരണം തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
