ഗോവയിൽ കോടികളുടെ തിമിംഗില ഛർദി പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ
വിപണിയിൽ കോടികൾ വിലമതിക്കുന്ന ആംബർഗ്രീസ് (തിമിംഗില ഛർദി)
കൈവശം വെച്ചതിന് മൂന്നുപേരെ ഗോവ പോലീസ് പിടികൂടി. ഗോവ സ്വദേശികളായ സായ്നാഥ് (50), രത്‌നകാന്ത് (55) മഹാരാഷ്ട്ര സ്വദേശിയായ യോഗേഷ് (40) എന്നിവരാണ് പോലീസ് പിടികൂടിയത്.
സംഗോം ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് കാറിൽ കൊണ്ടുപോവുകയായിരുന്ന 5.75 കിലോഗ്രാം ഭാരം വരുന്ന തിമിംഗില ഛർദി പോലീസ് പിടികൂടിയത്. പെർഫ്യൂം വ്യവസായത്തിൽ സാധാരണയായി ഈ തിമിംഗില ഛർദി ഉപയോഗിക്കാറുണ്ട്.സ്‌പേം തിമിംഗിലങ്ങളുടെ കുടലിലാണ് (intestine) ആംബർഗ്രിസ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതിന് വലിയ ആഗോള വിപണി ഉള്ളതിനാൽ കടത്തുകയോ കൈവശം വെക്കുകയോ ചെയ്യുന്ന പ്രവൃത്തികൾ വന്യജീവി സംരക്ഷണ നിയമപ്രകാരം ഗുരുതര കുറ്റകൃത്യങ്ങളാണ്. തിമിംഗില ഛർദിയുടെ ഉറവിടം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
