'കുട്ടികൾ എന്ത് തെറ്റാണ് ചെയ്തത്? അവർ ചോദിച്ചത് അവരുടെ അവകാശങ്ങൾ'; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

  1. Home
  2. National

'കുട്ടികൾ എന്ത് തെറ്റാണ് ചെയ്തത്? അവർ ചോദിച്ചത് അവരുടെ അവകാശങ്ങൾ'; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

rahul gandhi


കഴിഞ്ഞ പത്തുവർഷത്തിനിടെ രാജ്യത്ത് 152 പരീക്ഷാ പേപ്പർ ചോർച്ചകൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അതിൽ ഒരാൾക്ക് പോലും ശിക്ഷ ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ വിദ്യാർത്ഥികളെ വഞ്ചിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സി.ജെ.പി പ്രതിഷേധത്തിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് കറുത്ത ബാൻഡ് ധരിച്ചെത്തിയായിരുന്നു രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം.

"കുട്ടികൾ എന്ത് തെറ്റാണ് ചെയ്തത്? അവർ ചോദിച്ചത് അവരുടെ അവകാശങ്ങളാണ്. സമാധാനപരമായി പ്രതിഷേധിച്ച അവരെ പോലീസ് തല്ലിച്ചതയ്ക്കുകയായിരുന്നു. അവർക്ക് ആവശ്യമായ വിദ്യാഭ്യാസം ലഭിക്കാൻ അവർ അർഹരാണ്. എന്നാൽ അത് ലഭിക്കുന്നില്ല. വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം ന്യായമാണ്," രാഹുൽ പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒന്നായി അറിയപ്പെട്ടിരുന്ന രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം പൂർണ്ണമായും അട്ടിമറിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് യുവാക്കൾക്ക് ഭാവിയില്ലാത്ത അവസ്ഥയാണെന്നും ചോദ്യപേപ്പർ ചോർച്ച 7.5 കോടി വിദ്യാർത്ഥികളെയാണ് ബാധിച്ചതെന്നും രാഹുൽ ആരോപിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും, വിദ്യാർത്ഥികളെ തല്ലിച്ചതയ്ക്കാൻ ഉത്തരവിട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളോട് മാപ്പുപറയണമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.