ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന 'നീറ്റി'ൽ പ്രധാനമന്ത്രിക്ക് എന്തുകൊണ്ട് നിശബ്ദത; വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി
നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിച്ച ഇത്രയും വലിയൊരു ദേശീയ വിഷയത്തിൽ ചോദ്യപേപ്പർ ചോർന്ന് പരീക്ഷ റദ്ദാക്കിയിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഇപ്പോഴും നിശബ്ദത പാലിക്കുന്നതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. പരീക്ഷാ നടത്തിപ്പിലെ ഗുരുതരമായ വീഴ്ചയുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അടിയന്തരമായി പദവിയിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ പരീക്ഷ എഴുതിയ വിദ്യാർഥികൾ ആത്മഹത്യ ചെയ്തതടക്കം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരായ നിലപാട് കടുപ്പിച്ചു.
രാജസ്ഥാനിലെ സിക്കറിൽ നീറ്റ് എഴുതിയ പ്രദീപ് മേഘ് വാൾ എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിന് കാരണം പരീക്ഷ റദ്ദാക്കിയതിലുള്ള മനോവിഷമം ആണെന്ന് വീട്ടുകാർ ആരോപിച്ചിരുന്നു. വിദ്യാർത്ഥികളുടെ ഈ ദാരുണമായ ആത്മഹത്യകളിൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച രാഹുൽ ഗാന്ധി, യഥാർത്ഥത്തിൽ വിദ്യാർഥികളെ കൊല ചെയ്തത് ഈ സർക്കാരാണെന്ന് കുറ്റപ്പെടുത്തി. ഈ വിഷയം വരും ദിവസങ്ങളിൽ പാർലമെന്റിൽ ഉൾപ്പെടെ ശക്തമായി ഉന്നയിക്കുമെന്നും രാജ്യത്തെ വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കാൻ പ്രതിപക്ഷം എപ്പോഴും ഒപ്പമുണ്ടാകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് കേന്ദ്രസർക്കാരും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും (NTA). ചോദ്യപേപ്പർ തയ്യാറാക്കാൻ എൻ.ടി.എ നിയോഗിച്ച പാനലിലെ രസതന്ത്ര അധ്യാപകൻ പി.വി. കുൽക്കർണി, ബയോളജി അധ്യാപിക മനീഷാ ഗുരുനാഥ് എന്നിവർ പിടിയിലായതോടെ ക്രമക്കേടുകൾക്ക് പിന്നിൽ എൻ.ടി.എയ്ക്കുള്ളിലെ ആളുകൾ തന്നെയുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. പൂനെയിലും നാസിക്കിലുമായി നേരത്തെ അറസ്റ്റിലായ പ്രതികൾക്ക് ഇവരാണ് ചോദ്യപേപ്പർ ചോർത്തി നൽകിയതെന്ന് സി.ബി.ഐ വ്യക്തമാക്കുന്നു. പാനലിലുള്ള ഔദ്യോഗിക അധ്യാപകരുടെ അറസ്റ്റ് എൻ.ടി.എയുടെ സുരക്ഷാ സംവിധാനങ്ങളെ തന്നെ വലിയ ചോദ്യമുനയിൽ നിർത്തിയിരിക്കുകയാണ്. എൻ.ടി.എയിലെ ചില ഉന്നത ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നീളുന്നു എന്നാണ് വിവരം.
കേരളം അടക്കം രാജ്യത്തെ മറ്റ് ഏഴ് സംസ്ഥാനങ്ങളിലേക്കും ചോദ്യപേപ്പർ ചോർച്ചയുടെ കണ്ണികൾ നീളുകയാണ്. ചോദ്യങ്ങൾ വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുന്നുണ്ട്. ചില പ്രമുഖ കോച്ചിംഗ് സെന്ററുകളും നിലവിൽ സി.ബി.ഐയുടെ റഡാറിലാണ്. കേരളത്തിൽ പത്തനംതിട്ടയിലെ ചില കേന്ദ്രങ്ങളിൽ സംസ്ഥാന ഇന്റലിജൻസിന്റെ അടക്കം പ്രത്യേക പരിശോധന നടന്നിട്ടുണ്ട്. കനത്ത വിവാദങ്ങൾക്കിടെ എൻ.ടി.എയിലേക്ക് നാല് പുതിയ ഉദ്യോഗസ്ഥരെ കൂടി കേന്ദ്ര സർക്കാർ നിയമിച്ചു. രണ്ട് ജോയിന്റ് സെക്രട്ടറിമാരെയും രണ്ട് ജോയിന്റ് ഡയറക്ടർമാരെയും നിയമിച്ചത് ഏജൻസിയുടെ ഘടനാപരമായ മാറ്റത്തിന്റെ ഭാഗമായിട്ടാണെന്നാണ് മന്ത്രാലയം നൽകുന്ന ഔദ്യോഗിക വിവരം.
