പങ്കാളി മനഃപൂർവം ലൈം​ഗികബന്ധം നിഷേധിക്കുന്നത് ക്രൂരത; ലൈംഗിക ബന്ധമില്ലാത്ത വിവാഹം ശാപമാണെന്നും ഡൽഹി ഹൈക്കോടതി

  1. Home
  2. National

പങ്കാളി മനഃപൂർവം ലൈം​ഗികബന്ധം നിഷേധിക്കുന്നത് ക്രൂരത; ലൈംഗിക ബന്ധമില്ലാത്ത വിവാഹം ശാപമാണെന്നും ഡൽഹി ഹൈക്കോടതി

Delhi hc


പങ്കാളി മനഃപൂർവം ലൈംഗികബന്ധം നിഷേധിക്കുന്നത് ക്രൂരതയാണെന്ന് ഡൽഹി ഹൈക്കോടതി. 35 ദിവസം മാത്രമുണ്ടായിരുന്ന വിവാഹബന്ധത്തിന് വിവാഹമോചനം അനുവദിച്ചത് ശരിവെച്ചായിരുന്നു ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം. വിവാഹമോചനം അനുവദിച്ച കുടുംബകോടതി ഉത്തരവിനെതിരെ ഭാര്യ നൽകിയ അപ്പീൽ, ജസ്റ്റിസ് സുരേഷ് കുമാർ കൈറ്റ് അധ്യക്ഷനായ ബെഞ്ച് തള്ളി.

"ലൈംഗിക ബന്ധമില്ലാത്ത വിവാഹം ഒരു ശാപമാണ്. ലൈം​ഗികബന്ധത്തിലെ നിരാശയേക്കാൾ ദാമ്പത്യത്തിന് വിനാശകരമായ മറ്റൊന്നില്ല. ഒരു ഇണ, പ്രത്യേകിച്ചും അവർ നവദമ്പതികൾ ആയിരിക്കുമ്പോൾ ലൈംഗികബന്ധം മനഃപൂർവം നിഷേധിക്കുന്നത് ക്രൂരതയ്ക്ക് തുല്യമാണ്. ഇത് തന്നെ വിവാഹമോചനത്തിനുള്ള കാരണമാണ്"- ബെഞ്ച് നിരീക്ഷിച്ചു.

2004ലാണ് രണ്ടുപേരും ഹിന്ദു ആചാരപ്രകാരം വിവാഹിതരായത്. എന്നാൽ ഭാര്യ ഉടൻ തന്റെ വീട്ടിലേക്ക് മടങ്ങിപ്പോയി. പിന്നീട് ഭർത്താവിന്റെ വീട്ടിലേേക്ക് തിരിച്ചുപോയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെയാണ് വിവാഹമോചനത്തിനായി ഭർത്താവ് കുടുംബ കോടതിയെ സമീപിച്ചത്.

ഭർത്താവിന് വിവാഹമോചനത്തിന് അർഹതയുണ്ടാക്കുന്ന ഭാര്യയുടെ ഇത്തരം പെരുമാറ്റം ക്രൂരതയ്ക്ക് തുല്യമാണെന്ന് കുടുംബകോടതിയുടെ നിഗമനമുണ്ടെന്ന് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു. തന്റെ വീട്ടിലേക്ക് മടങ്ങാനായി യുവതി പറയുന്ന സ്ത്രീധന പീഡനം എന്ന കാരണം തെളിയിക്കപ്പെട്ടിട്ടില്ല. അതിനാൽ കേസിന്റെ തുടർന്നുള്ള വിചാരണയെ ക്രൂരതയായി മാത്രമേ വിശേഷിപ്പിക്കാനാകൂ'- കോടതി ഉത്തരവിൽ പറഞ്ഞു.

ശാരീരിക അപര്യാപ്തതയോ സാധുവായ കാരണമോ ഇല്ലാതെ ഏകപക്ഷീയമായി ലൈംഗിക ബന്ധം നിഷേധിക്കുന്നതും, സുപ്രിംകോടതി നിശ്ചയിച്ച മാനസിക ക്രൂരതയായി കണക്കാക്കുന്ന പ്രവൃത്തികളിൽ ഉൾപ്പെടുമെന്ന് കോടതി പറഞ്ഞു. നേരത്തെ, ഭർത്താവിന് ഭാര്യയെ തല്ലാനും പീഡിപ്പിക്കാനും ഒരു നിയമത്തിലും അവകാശമില്ലെന്ന് ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.